തിരുവനനന്തപുരം: വൈദ്യുതി മന്ത്രിയേയും ബോർഡ് ചെയർമാനേയും പരിഹസിച്ച് സി ഐ ടി യു. ഓഫിസേഴ്സ് അസോസിയേഷന്റെ സമരം തീർക്കാൻ മന്ത്രി ചർച്ചയ്ക്ക് തയാറാകാത്തതിനെത്തുടർന്നാണ് പരിഹാസം.
രാവിലെ ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയ മന്ത്രി സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് ഇല്ലെന്നും ബോർഡ് ചർച്ച നടത്തുമെന്നും വ്യക്തമാക്കിയിരുന്നു .
ഇതിനെതിരെയാണ് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാറിന്റെ പരിഹാസം. പാലക്കാട്ട് കൊതുമ്പിന് മുകളിൽ കൊച്ചങ്ങ വളരുകയാണ്.
വൈദ്യുതി വകുപ്പിന്റെ ചുമതല ഈ മന്ത്രി ഏറ്റെടുത്ത ശേഷമാണിത്. വകുപ്പിനെ കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടു പോകണം. മുന്നണി മര്യാദ കൊണ്ട് കൂടുതൽ പറയുന്നില്ലെന്നും സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ പറഞ്ഞു.
ചെയർമാന് എതിരേയും സി ഐ ടി യു പരിഹാസം നടത്തി. ചില സംഘടനകളുടെ താത്പര്യത്തിനു വേണ്ടി നിൽക്കുന്ന അര സംഘിയാണ് കെ എസ് ഇ ബി ബോർഡ് ചെയർമാൻ ബി.അശോക് .
ചെയർമാന് മീഡിയ മാനിയയാണ്. ജാസ്മിൻ ബാനുവിനെതിരായ ചെയർമാന്റെ പരാമർശം ശരിയോ തെറ്റോ എന്ന് മന്ത്രി വ്യക്തമാക്കണം.
മന്ത്രിയുടെ അനുമതി യോടെയാണോ ചെയർമാൻ മാധ്യമങ്ങിൽ തൊഴിലാളി വിരുദ്ധ പരാമർശം നടത്തിയതെന്ന് വ്യക്തമാക്കണം. അല്ലെങ്കിൽ ചെയർമാനെ സസ്പെൻഡ് ചെയ്യാൻ മന്ത്രി തയ്യാറാകണമെന്നും സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക