കോഴിക്കോട്: ലവ് ജിഹാദ് പരാമർശത്തിൽ ജോർജ് എം തോമസിനെതിരെ ഉള്ള നടപടി ചർച്ചചെയ്യാൻ ഇന്ന് സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി, സെക്രട്ടറിയേറ്റ് യോഗങ്ങൾ ചേരും. ശാസന, തരംതാഴ്ത്തൽ എന്നിവയിൽ ഒരു നടപടിക്കാണ് സാധ്യത. ലൗജിഹാദ് വിഷയത്തിൽ ഇല്ലാത്ത പാർട്ടി രേഖ ഉദ്ധരിക്കുകയും നയവ്യതിയാനം നടത്തുകയും ചെയ്തു എന്നാണ് ആക്ഷേപം.
തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോർജ് എം തോമസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ജോർജ് എം തോമസിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നാണ് കോടിയേരി പറഞ്ഞത്
പാർട്ടി രേഖകളിൽ ലൗ ജിഹാദ് യാഥാർത്ഥ്യമാണ് എന്ന തരത്തിലുള്ള പരാമർശങ്ങളുണ്ട് എന്ന് ജോർജ് എം തോമസ് പറഞ്ഞിരുന്നു. ഇത് പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടാകുമെന്ന് സൂചന വരുന്നത്. പാർട്ടി പരസ്യമായിത്തന്നെ തള്ളിപ്പറഞ്ഞ ‘ലൗ ജിഹാദ്’ യാഥാർഥ്യമാണെന്നും, വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് പാർട്ടി രേഖകളിലുണ്ട് എന്നാണ് ജോർജ് എം തോമസ് പറഞ്ഞത്. കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമർശം.
പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ ഷിജിൻ ജോയ്സ്നയുമായുള്ള പ്രണയവും വിവാഹവും പാർട്ടിയെ അറിയിക്കുകയോ പാർട്ടിയിൽ ചർച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും, ഇത് സമുദായ മൈത്രി തകർക്കുന്ന പ്രവൃത്തിയാണെന്നും, ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോർജ് എം തോമസ് പറഞ്ഞത്. ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോർജ് എം തോമസ് പറഞ്ഞിരുന്നു.
അവസാനം സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ജോർജ് എം തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് വ്യക്തമാക്കി. വിവാഹം കഴിച്ചതിന്റെ പേരിൽ ഷിജിനെതിരെ നടപടിയുണ്ടാകില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക