തിരുവനന്തപുരം: ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് യുഎസിലേക്ക് പുറപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്.മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്.
18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തിന് മടങ്ങിയെത്തും. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗം 27 ന് രാവിലെ ഒന്‍പത് മണിക്ക് ഓണ്‍ലൈനായി ചേരും.
മുഖ്യമന്ത്രി യുഎസില്‍ നിന്നും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ജനുവരിയില്‍ അദ്ദേഹം യുഎസില്‍ ചികിത്സയ്ക്കു പോയപ്പോള്‍ തുടര്‍ ചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള തിരക്ക് മൂലം വൈകിപ്പിക്കുകയായിരുന്നു.
ജനുവരിയില്‍ 11 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായിരുന്നു മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക