സംഗീത മാന്ത്രികൻ എ.ആർ.റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ത്രില്ലിലാണ് ‘ആടു ജീവിതം’ സിനിമാ ടീം. ചിത്രത്തിന്റെ ജോർദാനിലെ സെറ്റിന് റഹ്മാന്റെ സാന്നിധ്യം നൽകിയ സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ ബ്ലെസി.
‘മരുഭൂമിയുടെ സംഗീതം തേടി’ എന്ന തലക്കെട്ടോടെയാണ് റഹ്മാനോടൊപ്പമുള്ള ചിത്രങ്ങൾ ബ്ലെസി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പൃഥ്വിരാജും റഹ്മാനോടൊപ്പമുള്ള ചിത്രം പങ്കിട്ടിരുന്നു. എ ആർ റഹ്മാനും ആടുജീവിതം ടീമിനൊപ്പം ചേർന്നതിന്റെ സന്തോഷം പങ്കുവച്ചിരുന്നു.
‘രണ്ട് ദിവസത്തേക്ക് ഫോണില്ല, ഇന്റര്‍നെറ്റ് ഇല്ല ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ്’ എന്നായിരുന്നു ജോർദാനിലെ ചിത്രത്തോടൊപ്പമുള്ള റഹ്മാന്റെ കുറിപ്പ്.
ചലച്ചിത്രപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ‘ആടുജീവിതം’. ചിത്രത്തിനുവേണ്ടി രൂപത്തിലും മറ്റും വലിയ മാറ്റങ്ങൾ പൃഥിരാജ് വരുത്തിയിരുന്നു.
എ.ആർ റഹ്മാന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവും ഏറെ പ്രതീക്ഷ നൽകുന്നതാണ്. 28വർഷങ്ങൾക്ക് ശേഷമാണ് എ ആർ റഹ്മാൻ ഒരു മലയാള ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 1992ൽ യോദ്ധയിലാണ് ഇതിനുമുൻപ് റഹ്മാന്റെ ഈണങ്ങൾ പതിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക