വഡോദര: ഏറെ വാർത്താ പ്രാധാന്യം നേടിയ ഗുജറാത്ത് യുവതിയുടെ സ്വയം വിവാഹം ഒടുവിൽ യാഥാർഥ്യമായി. ഗുജറാത്തിലെ വഡോദരയിൽ ക്ഷമ ബിന്ദു സ്വയം വിവാഹിതയായി.
ചുവന്ന സാരിയിൽ, ആഭരണങ്ങളണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് ക്ഷമ വേദിയിലെത്തിയത്. മംഗല്യസൂത്രവും സിന്ദൂരവും സ്വയം അണിഞ്ഞു.
അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗോത്രിയിലെ സ്വന്തം വീട്ടിലായിരുന്നു ചടങ്ങുകൾ. വിവാഹച്ചിത്രങ്ങൾ ക്ഷമ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടു.
വിവാഹ സ്വയം വിവാഹിതയാകുന്നുവെന്ന പ്രഖ്യാപനത്തോടെ വാർത്തകളിൽ ഇടം നേടിയ ക്ഷമാ ബിന്ദുവാണ് നിശ്ചയിച്ച തീയതിക്ക് രണ്ട് ദിവസം മുമ്പേ വിവാഹിതയായത്.
പ്രശ്നങ്ങൾ ഒഴിവാക്കാനും വിവാദങ്ങൾ ഇല്ലാതിരിക്കാനും വേണ്ടിയാണ് നിശ്ചയിച്ച തീയതിക്കും മുമ്പേ വിവാഹച്ചടങ്ങ് നടത്തിയതെന്ന് അവർ പറഞ്ഞു. മെഹന്ദി, ഹൽദി തുടങ്ങിയ എല്ലാ ചടങ്ങുകളും നടത്തി.
നേരത്തെ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ എതിർപ്പിനെ തുടർന്ന് വേദി മാറ്റി. വിവാഹത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെ ക്ഷമ എല്ലാവർക്കും നന്ദി അറിയിച്ചു.
എനിക്ക് സന്ദേശമയയ്ക്കുകയും എന്നെ അഭിനന്ദിക്കുകയും കൂടെ നിൽക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്ന് അവർ ഫേസ്ബുക്കിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക