പ്രഖ്യാപനം മുതൽ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. എഴുത്തുകാരൻ ബെന്യാമിന്റെ വിഖ്യാത നോവലായ ആടുജീവിതത്തെ ആസ്പദമാക്കി സംവിധായകൻ ബ്ലെസ്സി പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേമികൾക്കിടയിൽ സജീവമാണ്.
2018ൽ ആരംഭിച്ച ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണിപ്പോൾ. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ റാന്നിയിലാണ് നടക്കുക. ജൂൺ മാസത്തിൽ തന്നെ റാന്നിയിലെ ചിത്രീകരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് അണിയറക്കാർ കരുതുന്നത്.
2018ൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തുടങ്ങിയത് പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളിലാണ് തുടർന്ന് മരുഭൂമി രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന് ജോർദ്ദാനിലേക്ക്. പിന്നീട് 2020ൽ ഷൂട്ടിങ് പുനരാരംഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധി വിനയായി. ചിത്രത്തിന്റെ ക്രൂ ജോർദ്ദാനിൽ പെട്ടത് വലിയ വാർത്തയായിരുന്നു.
പിന്നീട് ഈ വർഷം മാർച്ചിൽ വീണ്ടും ഷൂട്ടിങ് ആരംഭിച്ചു. 40 ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്ദാനിലുമായിരുന്നു ഷൂട്ടിങ്.
നീണ്ട 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന് എ.ആര്. റഹ്മാന് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ആടുജീവിതം. 1992ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ യോദ്ധയിലാണ് എആർ റഹ്മാൻ അവസാനമായി സംഗീതം നൽകിയത്.
ഛായാഗ്രഹണം കെ. യു. മോഹനനും, എഡിറ്റിംഗ് രാജാ മുഹമ്മദും നിർവ്വഹിക്കുന്നു. കെ.ജി. എ ഫിലിംസിന്റെ ബാനറിൽ കെ.ജി .ഏബ്രഹാമാണ് സിനിമ നിർമ്മിക്കുന്നത്. റസൂൽപൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക