തിരുവനന്തപുരം: എകെജി സെന്റര്‍ സന്ദര്‍ശിച്ച് ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫിസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്.
കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാൻ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർഥിക്കുന്നു.
മഹാനായ എകെജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫിസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്.
അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും അഭ്യർഥിക്കുന്നുവെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക