ദുബൈ: യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ മാസവും രാജ്യത്ത് ഇന്ധന വില കൂടിയിരുന്നു.
ദുബൈയില്‍ ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിച്ച വിവരം റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറ്റി സ്ഥിരീകരിച്ചു. പ്രാദേശിക വിപണിയില്‍ ഇന്ധന വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഓരോ കിലോമീറ്റര്‍ യാത്രയിലുമുള്ള ഇന്ധന ഉപയോഗം കണക്കാക്കിയാണ് ടാക്സി ചാര്‍ജ് നിജപ്പെടുത്തിയിരിക്കുന്നതെന്നും ആര്.ടി.എയെ ഉദ്ധരിച്ച് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുബൈയില്‍ ടാക്സിയുടെ അടിസ്ഥാന ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ല. ഓപ്പണിങ് അല്ലെങ്കില്‍ ബുക്കിങ് ചാര്‍ജ് 12 ദിര്‍ഹമായിരിക്കും. ഇതില്‍ മാറ്റം വരുത്താതെ അധിക കിലോമീറ്റര്‍ ചാര്‍ജിലാണ് വര്‍ദ്ധനവ് കൊണ്ടുവന്നിരിക്കുന്നത്.
ഓരോ കിലോമീറ്ററിനുമുള്ള നിരക്കില്‍ 20 ഫില്‍സിലധികം വര്‍ദ്ധനവ് വന്നിട്ടുണ്ടെന്ന് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. ഇന്ധന വില വര്‍ദ്ധനവ് കാരണം ഹാലാ ടാക്സി ഫെയറിലെ കിലോമീറ്റര്‍ യാത്രാ നിരക്ക് 1.98 ദിര്‍ഹത്തില്‍ നിന്ന് 2.19 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചതായി ‘കരീം ടാക്സി’ തങ്ങളുടെ ഒരു ഉപഭോക്താവിന് നല്കിയ മറുപടിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക