നയൻതാരയെ അധിക്ഷേപിച്ചെന്നാരോപിച്ച് ബോളിവുഡ് സംവിധായകൻ കരൺ ജോഹറിനെതിരെ രൂക്ഷവിമർശനം. ടോക് ഷോയായ കോഫിവിത്ത് കരൺ ഏഴാം സീസണിൽ നടി സമാന്ത അതിഥിയായെത്തിയ എപ്പിസോഡിലെ കരണിന്റെ പരാമർശമാണ് നയൻതാര ആരാധകരെ ചൊടിപ്പിച്ചത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിയാരാണെന്നു ചോദിച്ചപ്പോൾ നയൻതാരയുടെ പേരാണ് സമാന്ത പറഞ്ഞത്. ‘കാത്തു വാക്കുലെ രണ്ടു കാതൽ’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ച് പരാമർശിച്ചായിരുന്നു സമാന്തയുടെ മറുപടി.
എന്നാൽ ‘അവർ (നയൻതാര) എന്റെ ലിസ്റ്റിൽ ഇല്ല’ എന്നാണ് കരൺ പ്രതികരിച്ചത്. ഇന്ത്യയിലെ ഒന്നാം നമ്പർ അഭിനേത്രിയായി സമാന്തയെ തിരഞ്ഞെടുത്ത ഓർമാക്സ് മീഡിയ ലിസ്റ്റിനെപ്പറ്റി സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിനു തൊട്ടുപിന്നാലെയാണ് നയൻതാരയുടെ ആരാധകർ കരൺ ജോഹറിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നയൻതാരയെ കരൺ അനാദരിച്ചെന്നും ആരാധകർ പറയുന്നു. ‘നിങ്ങളുടെ ലിസ്റ്റിൽ അവർക്ക് ഇടം ആവശ്യമില്ല. കാരണം അവർ ലേഡി സൂപ്പർ സ്റ്റാറാണ്’ എന്ന് ഒരാൾ കമന്റ് ചെയ്തു.
കരൺ ജോഹറിന്റെ കമ്പനി നിര്‍മിക്കുന്ന ‘ഗുഡ് ലക്ക് ജെറി’ എന്ന ചിത്രം നയൻതാര അഭിനയിച്ച ‘കോലമാവ് കോകില’യുടെ റീമേക്ക് ആണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക