ധനുഷ് നായകനായി എത്തുന്ന’വാത്തി’ എന്ന സിനിമയുടെ ടീസര്‍ പുറത്ത്. ഫൈറ്റ് സീനുകൾ കോർത്തിണക്കിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ബാല മുരുകൻ എന്നാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്.
കോളേജ് അധ്യാപകനായാണ് ധനുഷ് ഈ ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോനാണ് നായിക. സിത്താര എന്റര്ടൈന്മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.
അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു അധ്യാപകനാണ് ധനുഷ് ചെയ്യുന്ന കഥാപാത്രമെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. വെങ്കി അറ്റ്ലൂരി സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രം കൂടിയാണ് വാത്തി.
തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. 2021ല്‍ ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചതാണ് ‘വാത്തി’. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക