പാലക്കാട്: മണ്ണാർക്കാട് വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റില്‍. മലപ്പുറം ആമയൂർ കടവിൽ നിസാർ, മൊറയൂർ ആനക്കല്ലിങ്കൽ സുബൈർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജൂൺ മൂന്നിന് രാത്രി ഒൻപതരയോടെ ഓക്കാസ് തിയറ്ററിനു സമീപത്തായിരുന്നു വീടുകയറി കവര്‍ച്ച.
വടക്കുമണ്ണത്ത് ഓക്കാസ് തിയറ്ററിനു സമീപം എണ്ണക്കടികളും അരിമാവും വിൽപന നടത്തുന്ന ശാന്തിയുടെ മാലയാണ് അരിമാവ് വാങ്ങാനെന്ന വ്യാജേന എത്തിയവർ കവർന്നത്.
രാത്രി കട അടയ്ക്കാനുള്ള തയാറെടുപ്പിനിടെയാണ് മാവ് ആവശ്യപ്പെട്ട് യുവാവ് എത്തിയത്. 30 രൂപയുടെ മാവ് നൽകിയപ്പോൾ 50 രൂപയുടെ മാവ് വേണമെന്നായി. മാവ് കവറിൽ നിറയ്ക്കുന്നതിനിടെ വീടിന് അകത്തു കയറിയ യുവാവ് മാല പൊട്ടിച്ചു.
ശാന്തി ഒരു കൈകൊണ്ട് മാലയും മറു കൈകൊണ്ട് യുവാവിന്റെ വസ്ത്രത്തിലും പിടിച്ചെങ്കിലും തള്ളിമാറ്റി മാല പൊട്ടിച്ച് യുവാവ് പുറത്തേക്ക് ഓടി. ശബ്ദം കേട്ട് എത്തിയ ശാന്തിയുടെ ഭർത്താവ് വേണുവും യുവാവിന്റെ പിന്നാലെ പുറത്തിറങ്ങിയപ്പോഴേക്കും ബൈക്കിൽ കാത്തു നിന്നിരുന്ന സുഹൃത്തിനൊപ്പം കള്ളന് രക്ഷപ്പെട്ടു.
മാലയുടെ ഒരു ഭാഗം ശാന്തിയുടെ കയ്യിൽ കിട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക