ലെസ്ബിയൻ പ്രണയത്തിന്റെ പ്രമേയത്തിൽ ഒരുങ്ങുന്ന ‘ഹോളി വൂണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമിക്കുന്നത്.
മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.
ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ’ഹോളി വൂണ്ട്’ കഥ പറഞ്ഞ് പോകുന്നത്. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ചിത്രം ഓർമപ്പെടുത്തുന്നു.
മുൻപ് മലയാള സിനിമയിൽ ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം വളരെ നിശബ്ദമായിട്ടാണ് പറഞ്ഞിരുന്നത്. എന്നാൽ മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയിൽ രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രണയരംഗങ്ങൾ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക