മിന്നൽ മുരളിക്കു ശേഷം തല്ലുമാലയിലെ മണവാളൻ വസിമിനെ ഏറ്റെടുക്കുകയാണു ടൊവിനോ ആരാധകർ. ടൊവിനോ സംസാരിക്കുന്നു.
തല്ലും സൗഹൃദവും യുവത്വത്തിന്റെ ആഘോഷവുമാണു തല്ലുമാല. ഒരു മുഴുനീള എന്റർടെയ്നർ. വളരെ കളർഫുള്ളായ ചിത്രമാണ്. ഇന്നോളം ഞാൻ ചെയ്തിട്ടുള്ള വേഷങ്ങളിൽ ഏറ്റവും വ്യത്യസ്തം.
എന്നെ വളരെ എക്സൈറ്റ് ചെയ്യിപ്പിച്ച കഥ. യുവാക്കൾക്ക് ആഘോഷമായി കണ്ടു മടങ്ങാനുള്ളതെല്ലാം ചിത്രത്തിലുണ്ട്. പരമ്പരാഗത രീതിയിൽ നേർ രേഖയിലൂടെയല്ല, മറിച്ചു നോൺ ലീനിയർ ശൈലിയിലാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിട്ടുള്ളത്.
അത്തരമൊരു സമീപനം മലയാള സിനിമയിൽ അധികം ഉണ്ടായിട്ടില്ല. ഈ വ്യത്യസ്തത പ്രേക്ഷകർ സ്വീകരിച്ചുവെന്നാണു തിയറ്റർ പ്രതികരണം തെളിയിക്കുന്നത്.
സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു വളരെ മുൻപു തന്നെ ചിത്രത്തിനായുള്ള സൗഹൃദക്കൂട്ടായ്മ രൂപപ്പെട്ടിരുന്നു. ഞാനും ഖാലിദും കഥാകൃത്ത് മുഹ്സിനും ലുക്മാനും തുടങ്ങി ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറക്കാരും ഒരു ഫ്ലാറ്റെടുത്തു താമസിച്ചു തയാറെടുപ്പുകൾ തുടങ്ങിയിരുന്നു.
കഥ, സ്ക്രിപ്റ്റ്, മ്യൂസിക് തുടങ്ങി എല്ലാത്തിലും ചർച്ചകളിലൂടെയാണു തീരുമാനം ഉണ്ടായത്. ഒട്ടേറെ തവണ റിഹേഴ്സലും നടന്നു.
അങ്ങനെ അഭിനേതാക്കളെ ഉൾപ്പെടെയുള്ളവരെ എല്ലാത്തിന്റെയും ഭാഗമാക്കി നിർത്തി ടീമിൽ ഉൾപ്പെടുത്തി മുന്നോട്ടു പോയതിനാൽ സെറ്റിൽ ആർക്കും അപരിചിതത്വത്തിന്റെ പ്രശ്നം ഉണ്ടായിരുന്നില്ല.
എന്താണു ചെയ്യേണ്ടതെന്ന കാര്യത്തിൽ വരെ ഏകദേശ ധാരണ എല്ലാവർക്കുമുണ്ടായിരുന്നു. ആ സൗഹൃദക്കൂട്ടായ്മയുടെ കരുത്ത് ഈ ചിത്രത്തിൽ അനുഭവിച്ചറിയാനാകും.
കുട്ടികൾക്കിഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതാണു മിന്നൽ മുരളി. അത് എന്റെ ആദ്യത്തെ സിനിമയോ അവസാനത്തെ സിനിമയോ അല്ല. ഞാൻ ചെയ്ത സിനിമകളിൽ വളരെ പ്രധാനപ്പെട്ട ഒന്നു മാത്രമാണ്.
ഒരു വേഷം ഒരിക്കലും അഭിനേതാവിനു ബാധ്യതയാകാൻ പാടില്ല. ഞാൻ ബിഗ് ബജറ്റും ചെയ്യും, ചെറിയ സിനിമയും ചെയ്യും. വില്ലനും ചെയ്യും നായകനും ചെയ്യും. ഒന്നിക്കു മാത്രമായി തളച്ചിടാൻ താൽപര്യമില്ല.
ടൊവിനോയുടെ സിനിമ ഇങ്ങനെ ആയിരിക്കും എന്നു വന്നാൽ പിന്നെ പ്രേക്ഷകർക്കും ഒരു കൗതുകമുണ്ടാകില്ല. വലിയ സിനിമകൾ അനുഗ്രഹമായാണു ഭവിക്കേണ്ടത്, ഒരിക്കലും ബാധ്യത ആകരുത്.
ഉണ്ട്. മനപൂർവമാണു വീണ്ടും അത്തരം സിനിമകളിൽ അഭിനയിക്കാത്തത്. മിന്നൽ മുരളി കഴിഞ്ഞു വന്ന സിനിമകളെല്ലാം അത്തരത്തിലുള്ളതായിരുന്നു. വരുന്നവർ ആദ്യം പറയുന്നതു വലിയ ബജറ്റ് സിനിമയാണ് എന്നായിരുന്നു.
ബജറ്റല്ല എന്നെ എക്സൈറ്റ് ചെയ്യിക്കുന്നത്. ഞാൻ എനിക്കു സംതൃപ്തി ലഭിക്കുന്ന, പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന പ്രോത്സാഹനം ലഭിക്കുന്ന സിനിമകളാണു ചെയ്യാനിഷ്ടപ്പെടുന്നത്. ബജറ്റൊന്നും ഒരു സിനിമയുടെ വിജയത്തെ ബാധിക്കുന്നില്ല.
എന്നെ വച്ചു സിനിമ എടുക്കാൻ ആഗ്രഹിക്കുന്ന സംവിധായകന് ഏതു രീതിയിലുള്ള സിനിമയും ചിന്തിക്കാൻ സാധിക്കണം. അതിപ്പോൾ വലുതായാലും ചെറിയ സിനിമയായാലും പ്രശ്നമില്ല.
സ്വന്തമായി പ്രൊഡക്ഷൻ ചെയ്യുന്നുണ്ട്. അതുകൊണ്ട് നമുക്ക് ഇഷ്ടമുള്ള സിനിമ ചെയ്തു മുന്നോട്ടു പോകുക എന്നതാണു ലക്ഷ്യം.
മിന്നൽ മുരളി ഓടിടിയിൽ ഇറങ്ങാനുണ്ടായ സാഹചര്യം കോവിഡ് ആയിരുന്നു. ഒടിടിയിൽ ലഭിച്ച റീച്ച് എല്ലാവരും കണ്ടതാണ്. എന്നാൽ എല്ലാ പടവും ഒടിടിക്കു കൊടുക്കാനാവില്ല. മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ഇറങ്ങിയാൽ അത് തിയറ്ററിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്.
ഒടിടി എന്ന ഓപ്ഷൻ തിയേറ്ററിൽ വന്നാലും ഉണ്ട്. മിന്നൽ മുരളി തിയറ്ററിൽ കാണണം എന്നാണ് ആഗ്രഹിച്ചിരുന്നത്. ഏതു തരം സിനിമയാണെങ്കിലും തിയറ്ററിൽ വലിയ സ്ക്രീനിൽ കാണാനുള്ള ഓപ്ഷൻ ഉള്ളപ്പോൾ അതു മിസ് ചെയ്യരുതെന്നും അങ്ങനെ കാണണമെന്നുമാണ് ആഗ്രഹം.
ആ സുഖം നമുക്കു വീട്ടിൽ ഇരുന്നു കണ്ടാൽ കിട്ടണമെന്നില്ല. തിയറ്ററുകളാണു സിനിമകളുടെ സ്ഥലം. ഒടിടി രണ്ടാമത്തെ സാധ്യതയും. ഇതു മാറ്റത്തിന്റെ ഘട്ടമാണ്.
ഒടിടിയുടെ സാധ്യതകൾ നമ്മൾ മനസിലാക്കി വരുന്നതേ ഉള്ളൂ. വരും കാലത്ത് കുറച്ചു സിനിമകൾ ഒടിടിക്കു മാത്രമായും കുറെ തിയറ്ററിലേക്കു മാത്രമായും നിർമിക്കപ്പെടാം.
ഒടിടികളാണ് അതു തീരുമാനിക്കേണ്ടത്. ഇപ്പോൾ മലയാളത്തിൽ വെബ് സീരീസ് പ്രോജക്ടുകൾ കാര്യമായില്ല എന്നതിനാൽ നാളെ ഉണ്ടായിക്കൂടെന്നില്ല. ഒരു പക്ഷേ പാൻ ഇന്ത്യൻ വ്യൂവർഷിപ് ലക്ഷ്യമിട്ടാകാം ബോളിവുഡ് താരങ്ങളെ വച്ച് ഇംഗ്ലിഷ് വെബ്സീരീസുകൾ നിർമിക്കുന്നതിനു പിന്നിൽ.
വൻ തുക മുടക്കി വെബ്സീരീസുകൾ വരുമ്പോൾ മലയാളികൾ മാത്രം കണ്ടാൽ നിർമാതാക്കൾക്കു ലാഭമുണ്ടാകില്ല. ഇംഗ്ലിഷിലാണെങ്കിൽ ലോകം മുഴുവൻ അവ കാണും.പക്ഷേ, സ്പാനിഷ് ഭാഷയിലുള്ള മണി ഹെയ്സ്റ്റ് നമ്മൾ കണ്ടത് ഇംഗ്ലിഷിലാണ്.
ഇതേ മാതൃകയിൽ മലയാളത്തിൽ ഒരെണ്ണം എടുത്തിട്ടു മൊഴിമാറ്റം നടത്തി അതു ലോകം മുഴുവൻ കാണുന്ന സ്ഥിതി വന്നാൽ അടിപൊളിയാകും. നല്ല കണ്ടന്റുള്ള വെബ്സീരീസ് നൽകിയാൽ ഡബ് ചെയ്തു മറ്റു ഭാഷകളിലേക്കു കൊണ്ടുപോകാവുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക