ഹിറ്റ് വെബ് സീരീസായ കരിക്കിന്റെ ഒരു എപ്പിസോഡില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തതോടെ അമേയയെ തേടി അവസരങ്ങള്‍ വരാന്‍ തുടങ്ങി.
ഒരു പഴയ ബോംബ് കഥ, തിമിരം, ദ പ്രീസ്റ്റ് തുടങ്ങി പല ചിത്രങ്ങളിലും അമേയക്ക് അവസരം ലഭിച്ചു.
ആസ്ത്മയുടെ പ്രശ്നങ്ങളുളള ഒരാളാണ് അമേയ. അത്തരത്തിലൊരാളെ സംബന്ധിച്ച് ഉയരങ്ങളിലേക്കുള്ള യാത്ര എന്നു പറയുന്നത് സ്വപ്നം മാത്രമായിരിക്കും. എന്നാല്‍ യാത്രകളോടുളള ഇഷ്ടവും ലഡാക്കെന്ന സുന്ദരഭൂമി കാണാനുളള ആഗ്രഹവും അമേയയെ അവിടം വരെ എത്തിച്ചു.
ആദ്യം പേടിച്ചെങ്കിലും ഒടുവില്‍ യാത്രയ്ക്കൊപ്പം കൊണ്ടുപോയ ഓക്സിജന്‍ സിലിണ്ടര്‍ പോലും ഉപയോഗിക്കേണ്ടിവന്നില്ല എന്നുളളത് അമേയയ്ക്ക് അദ്ഭുതവും ആത്മവിശ്വാസവും നല്കി.
അതുകൊണ്ടുതന്നെ ലഡാക്ക് യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. സ്വന്തം പരിമിതികളെ മറികടന്ന് ഉയരങ്ങളിലെത്താനാവുമെന്ന ലക്ഷ്യബോധം തന്നെയാണ് ആ യാത്ര അമേയയ്ക്ക് സമ്മാനിച്ചത്.
യാത്രകളില്‍ ഏറ്റവും പ്രിയപ്പെട്ടതും ലേ ലഡാക്ക് യാത്രയാണ്. സുന്ദരമായ ഒരുപാട് നിമിഷങ്ങളും കാഴ്ചകളുമാണ് ആ യാത്ര സമ്മാനിച്ചത്. ഒരുപാട് ആഗ്രഹിച്ചാണ് ലേ- ലഡാക്ക് വരെ എത്തിയത്. കർദുഗ്ല പാസ് വഴിയുള്ള യാത്രയും മറക്കാനാവാത്ത അനുഭവങ്ങളാണ് അമേയക്ക് നല്‍കിയത്.
കേരളത്തില്‍ യാത്ര പോവുകയെന്നാല്‍ ഏതൊരു മലയാളിയുടേയും ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ മൂന്നാറുണ്ടായിരിക്കും. അമേയയ്ക്കും അങ്ങനെയാണ്. ഒന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാനോ വീട്ടുകാരോടൊപ്പമുളള യാത്രകള്‍ക്കോ മിക്കപ്പോഴും ആദ്യം നറുക്ക് വീഴുക മൂന്നാറിനായിരിക്കും.
എത്രകണ്ടാലും മടുക്കാത്ത പ്രകൃതിഭംഗിതന്നെയാണ് അമേയയെയും വീണ്ടും മൂന്നാറിലേക്കെത്തിക്കുന്നത്.
കേരളത്തിന്റെ ഭംഗിയും ശാന്തതയും മറ്റൊരു നാടിനും നല്‍കാനാവില്ലെന്ന് അമേയ പറയുന്നു. ഷൂട്ടിങ് ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് അമേയ വിദേശ യാത്രകള്‍ പോയിട്ടുളളത്. ദുബായിയാണ് അടുത്തിടെ യാത്ര ചെയ്ത സ്ഥലം.
ഷൂട്ടിങ്ങിനിടെ അധികം കറക്കമൊന്നും നടത്താന്‍ സാധിച്ചില്ലെന്ന വിഷമമുണ്ടെങ്കിലും അത്യാവശ്യം കാഴ്ചകള്‍ കാണാന്‍ സാധിച്ചുവെന്ന് അമേയ പറയുന്നു.
പിന്നെ മാലദ്വീപിലേക്കുളള യാത്രയുടെ പ്ലാനിങ് നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ ആ ആഗ്രഹം സാധിക്കുമെന്നാണ് പ്രതീക്ഷ.
എവിടെ പോയാലും ഒരു കുന്നോളം സാധനങ്ങള്‍ വാങ്ങിയാണ് അമേയ തിരിച്ചുവരിക. ഷോപ്പിങ് എന്നത് അമേയയെ സംബന്ധിച്ച് ഒരുപാട് സന്തോഷം നല്കുന്ന കാര്യമാണ്.
അതുകൊണ്ടുതന്നെ ഷോപ്പിങ്ങിന് വേണ്ടി മാത്രം യാത്രകള്‍ പോവാനും ഒരുപാട് ഇഷ്ടപ്പെടുന്നു അമേയ. ഷൂട്ടിങ് ആവശ്യത്തിന് പോയാലും നല്ല ഷോപ്പിംഗ് സ്പോട്ടുകള്‍ അന്വേഷിച്ചുവെയ്ക്കും.
ഓരോ യാത്രകളും നല്‍കുന്നത് ഓരോ പാഠങ്ങളാണ്. പ്രത്യേകിച്ചും നോര്‍ത്തീസ്റ്റ് ഭാഗങ്ങളിലേക്കൊക്കെ യാത്ര പോകുമ്പോള്‍ വ്യത്യസ്തമായ ആളുകള്‍, ജീവിതരീതി, സംസ്കാരം ഇതെല്ലാം ഒരുപാട് കാര്യങ്ങള്‍ മനസിലാക്കിതരും.
ഏത് സാഹചര്യവുമായി പൊരുത്തപ്പെടാനും ഒരു തിരിച്ചറിവുണ്ടാക്കാനും സഹായിക്കും. ഓരോ യാത്രകളും തന്നെ ഉളളില്‍ നിന്നുതന്നെ മാറ്റിയെടുക്കുന്നുവെന്നും അമേയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക