ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറക്ക് മാതൃകയാവുകയാണ് മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ ഒരു കുട്ടികര്‍ഷക. കാനച്ചേരിയിലെ ആറാം ക്ലാസുകാരി പി റിത്യയാണ് തന്റെ വീട്ടില്‍ വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്ത് മാതൃകയായത്.
കണ്ണൂര്‍ സെന്റ് തെരേസസ് സ്കൂള്‍ വിദ്യാര്‍ഥിയായ റിത്യ സ്കൂളില്‍ നിന്നും എത്തിയാല്‍ കൃഷി പരിപാലനത്തിനായി ഇറങ്ങും. അവധി ദിവസങ്ങളിലും ഈ കൊച്ചുമിടുക്കി കൃഷിയിടത്തില്‍ തിരക്കിലായിരിക്കും. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ കൃഷി തുടങ്ങുന്നതിന് മുണ്ടേരി പഞ്ചായത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് റിത്യയും കൃഷി ആരംഭിച്ചത്.
പയര്‍, വെണ്ട, വഴുതന, ചേന, കപ്പ, മഞ്ഞള്‍ തുടങ്ങി നിരവധി പച്ചക്കറികളാണ് കൃഷി ചെയ്തത്. പിതാവ് സജീവനും മാതാവ് റീനയും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. വിളവെടുക്കുന്ന ഉല്പന്നങ്ങള് ആവശ്യത്തിന് വീട്ടിലേക്ക് എടുത്ത് ബാക്കി സമീപത്തെ വ്യാപാരകേന്ദ്രങ്ങളില്‍ വില്‍ക്കുമെന്ന് റിത്യ പറഞ്ഞു. കര്‍ഷക ദിനത്തില്‍ മുണ്ടേരി പഞ്ചായത്ത് റിത്യയെ മികച്ച കര്‍ഷകയായി ആദരിച്ചു. ഭാവിയില്‍ പട്ടാളത്തില്‍ ചേരാനാണ് ഈ മിടുക്കിയുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക