അടുത്ത മാസം അവതരിപ്പിച്ചേക്കുമെന്നു കരുതുന്ന ഐഫോണ്‍ പ്രീമിയം സീരീസില്‍ പ്രതീക്ഷിച്ചിരുന്ന ഒരു മാറ്റം ഇത്തവണയും ആപ്പിള്‍ കൊണ്ടുവന്നേക്കില്ലെന്നും കൊണ്ടുവരുമെന്നും വ്യത്യസ്ത വാദങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം, അടിമുടി മാറ്റവുമായിട്ടായിരിക്കാം പുതിയ സീരീസിലെ ‘പ്രോ’ വിഭാഗത്തിലുള്ള ഫോണുകള്‍ ഇറങ്ങുക എന്നും കരുതപ്പെടുന്നു.
ആപ്പിള്‍ 2017ല്‍ പുറത്തിറക്കിയ ഐഫോണ്‍ 10 (X)ന്റെ ചുവടുപറ്റിയുള്ള മാറ്റങ്ങളായിരുന്നു ഐഫോണ്‍ 13 പ്രോ സീരീസില്‍ വരെ കണ്ടത്.
എന്നാല്‍, ഐഫോണ്‍ 14 പ്രോ സീരീസിന്റെ അത്യാകര്‍ഷകമായ പുതിയ ഡിസൈൻ കൗശലങ്ങളില്‍ ആപ്പിളിന്റെ കയ്യൊപ്പ് പതിഞ്ഞു കിടക്കുന്നത് കൃത്യമായി കാണാനായേക്കുമെന്നും പറയപ്പെടുന്നു.
ഐഫോണ്‍ 11 പ്രോ മുതല്‍ 13 പ്രോ സീരീസ് വരെ കയ്യില്‍ വച്ചിരിക്കുന്നവരെ പോലും ആകര്‍ഷിക്കാന്‍ ശേഷിയുള്ളതായിരിക്കും 14 പ്രോ സീരീസ് എന്നു പറയുന്നു. അവസാനം ആപ്പിളും തങ്ങളുടെ ഫെയ്സ്ഐഡി സിസ്റ്റത്തിനായി സൃഷ്ടിച്ച നോച്ചിനോട് വിടപറയുകയും പകരം ഗുളിക (പില്) ആകൃതിയിലുള്ള സംവിധാനം അവതരിപ്പിക്കുകയും ചെയ്യുമെന്നു പറയുന്നു.
വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പോലും പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറകള്‍ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ഈ വര്‍ഷം ഐഫോണിലും സ്ക്രീനിലെ നോച്ച് ഇല്ലാതാകുന്നതോടെ ഇതുവരെ ഇറങ്ങിയ എല്ലാ ഐഫോണുകളെക്കാളും മികവാര്‍ന്ന രീതി കാണാനായേക്കുമെന്നു പറയുന്നു.
ഇറങ്ങാനിരിക്കുന്ന ആപ്പിള്‍ ഉപകരണങ്ങളെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തുന്ന ജോണ്‍ പ്രോസര് ആണ് ഡിസൈനില്‍ കാര്യമായ മാറ്റം വരുമെന്നു വിശ്വസിക്കുന്നവരില്‍ ഒരാള്‍.
എല്‍സിഡി സ്ക്രീനുകളുമായി ഇറങ്ങിയിരുന്ന ഐഫോണുകള്‍ക്ക് ഓലെഡ് പാനലുകള്‍ ആദ്യമായി പിടിപ്പിച്ചു തുടങ്ങുന്നത് ഐഫോണ്‍ 10ല്‍ ആണ്. ഇതിന് 5.8-ഇഞ്ച് വലുപ്പമായിരുന്നു ഉണ്ടായിരുന്നത്.
തുടര്‍ന്ന് ഇറങ്ങിയ പ്രീമിയം ഫോണുകളുടെയെല്ലാം അടിസ്ഥാനം ഐഫോണ്‍ 10ന്റെ ഡിസൈൻ തന്നെയായിരുന്നു. ഐഫോണ്‍ 12 പ്രോ സീരീസില്‍ പരിപൂര്‍ണമായി ഫ്ളാറ്റ് ആയ ഡിസൈൻ രീതി കാണാനായി. അത് ഐഫോണ്‍ 13 പ്രോ സീരീസിലും തുടര്‍ന്നു.
എന്നാല്‍, ഇവയില്‍ നിന്നൊക്കെ ഒറ്റ നോട്ടത്തില്‍ ഐഫോണ്‍ 14 പ്രോ സീരീസില്‍ വ്യത്യാസം കാണാനാകുന്ന രീതിയിലാണ് ഡിസൈനിൽ ആപ്പിള്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക