ദുബായ്: സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളുമായാലും യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും.
താമസ- സന്ദർശക വീസക്കാർക്ക് നിയമങ്ങൾ ഒരുപോലെ ബാധകം. മരുന്നുകൾ ഏതു വിഭാഗത്തിൽ പെടുന്നുവെന്നതു കണക്കിലെടുത്താണ് നടപടിക്രമങ്ങൾ.
കൺട്രോൾഡ്, സെമി കൺട്രോൾഡ് വിഭാഗത്തിലെ മരുന്നുകൾക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. മറ്റു മരുന്നുകൾക്ക് ഇതാവശ്യമില്ലെങ്കിലും പരിധിയിൽ കൂടുതൽ കൊണ്ടുവരാനാവില്ല. പെർമിറ്റിന് ഓൺലൈനിൽ അപേക്ഷിക്കാം. സൈറ്റ്: www.mohap.gov.ae.
ലോകരാജ്യങ്ങളിൽ ലഭ്യമായ ഭൂരിഭാഗം മരുന്നുകളും യുഎഇയിലെ ഫാർമസികളിലും ആശുപത്രികളിലും ലഭ്യമാണ്. ചില മരുന്നുകളുടെ കാര്യത്തിൽ നിരോധനവും നിയന്ത്രണവുമുണ്ട്.
അപേക്ഷയിൽ എന്തൊക്കെ
രോഗം, മരുന്ന്, ചികിത്സ എന്നിവയെക്കുറിച്ചുള്ള പൂർണവിവരങ്ങൾ വ്യക്തമാക്കണം. പരിശോധിച്ച ഡോക്ടർ 3 മാസത്തിനുള്ളിൽ നൽകിയ കുറിപ്പടി, ചികിത്സിച്ച സ്ഥാപനം നൽകിയ ഒരു വർഷത്തിനകമുള്ള റിപ്പോർട്ട്, ആരോഗ്യം സംബന്ധിച്ച രേഖകൾ, എമിറേറ്റ്സ് ഐഡിയുടെയോ പാസ്പോർട്ടിന്റെയോ പകർപ്പ് എന്നിവ വേണം.
ചികിത്സ സ്വീകരിച്ച രാജ്യത്തെ ഹെൽത്ത് അതോറിറ്റിയുടെയോ ചുമതലപ്പെട്ട മറ്റു വകുപ്പുകളുടെയോ യുഎഇ എംബസിയുടെയോ രേഖകളും കരുതണം.
യുഎഇ ഡ്രഗ് ഡിപ്പാർട്മെന്റിൽ അപേക്ഷ പരിശോധിച്ചു ബോധ്യപ്പെട്ടാൽ സമ്മതപത്രം നൽകും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധനകൾ പൂർത്തിയാക്കി മാത്രമേ യാത്രക്കാരനു പുറത്തിറങ്ങാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക