കമല്ഹാസൻ-ശങ്കര്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് ‘ഇന്ത്യൻ’. കമൽഹാസൻ ഇരട്ടവേഷങ്ങളിൽ എത്തിയ ചിത്രം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.
വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചുവെങ്കിലും ഷൂട്ടിംഗ് പകുതിയില്‍ നിര്‍ത്തേണ്ടി വന്നിരുന്നു. ഒരിടവേളക്ക് ശേഷം അടുത്തിടെ ചിത്രീകരണം പുനരാരംഭിച്ചു.
ചിത്രത്തിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ഭാഗങ്ങൾ പൂർത്തിയാക്കുന്നത് നടൻ നന്ദു പൊതുവാള് ആയിരിക്കുമെന്ന വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ.
‘മലയാള സിനിമയിൽ നാം എപ്പോഴും കാണാറുള്ള മുഖം, നന്ദു പൊതുവാൾ, നന്ദുവേട്ടൻ ഇതാ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ശങ്കറിന്റെ ഏറ്റവും മികച്ച സിനിമയായ ഇന്ത്യന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നു.
മിമിക്രി ലോകത്ത് നിന്നെത്തി, അഭിനയം തുടങ്ങി പ്രൊഡക്ഷൻ കൺട്രോളറായി, എത്രയോ കാലമായി മലയാള സിനിമയുടെ ഭാഗമാണ് നന്ദുവേട്ടൻ. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ നിലയിലെത്തിയത്.
ഇപ്പോഴിതാ ഇന്ത്യൻ 2ൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ നന്ദുവേട്ടനെത്തുമ്പോൾ അത് അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾക്കും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാവുകയാണ്. നന്ദുവേട്ടൻ കൂടുതൽ ഉയരങ്ങളിലെത്തട്ടെ. കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ. എല്ലാ ആശംസകളും’,
പ്രതികരിക്കാൻ ഇവിടെ എഴുതുക