വൈക്കം: അപ്പയും അമ്മയും ദൂരെ എവിടെയോ ജോലിക്കു പോയി. ഓണത്തിനു കൈനിറയെ സമ്മാനങ്ങളുമായി മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരിച്ച അച്ഛനമ്മമാരുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ആൽഫിനും ആൽഫിയയും.
ഇക്കഴിഞ്ഞ ജൂലൈ 13നു കോട്ടയം– കുമരകം റോഡിൽ കൈപ്പുഴമുട്ട് പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുടവെച്ചൂർ കിടങ്ങലശേരി ജെഫിൻ കെ.പോളിന്റെയും സുമി രാജുവിന്റെയും മക്കളാണ് 4 വയസ്സുകാരൻ ആൽഫിനും ഒരു വയസ്സുകാരി ആൽഫിയയും.
അപകടത്തിൽ നിന്ന് ആൽഫിനും ആൽഫിയയും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സുമിയുടെ മാതാപിതാക്കൾക്കൊപ്പമാണ് കുട്ടികൾ ഇപ്പോൾ.
ഫോട്ടോ കാണുമ്പോൾ അപ്പയും അമ്മയും എവിടെപ്പോയെന്ന് ആൽഫിൻ ചോദിക്കും. ജോലിക്കായി ദൂരെ ഒരിടത്തു പോയിരിക്കുകയാണെന്നു പറഞ്ഞ് ആശ്വസിപ്പിക്കും.
ഉറങ്ങാൻ കിടക്കുമ്പോൾ ആൽഫി അമ്മയെ ചോദിക്കും. കുപ്പിപ്പാൽ കൊടുത്തും താരാട്ടുപാടിയുമൊക്കെ ഉറക്കുകയാണു പതിവെന്നു സുമിയുടെ മാതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക