Home INTERVIEWS പാട്ടുകാരനാകണമെന്നത് ഒരിക്കലും മനസ്സിലുണ്ടായിരുന്ന കാര്യമായിരുന്നില്ല; എനിക്കതിനോട് താല്‍പര്യമുണ്ടായിരുന്നില്ല; ശ്രീകാന്ത് ഹരിഹരന്‍

പാട്ടുകാരനാകണമെന്നത് ഒരിക്കലും മനസ്സിലുണ്ടായിരുന്ന കാര്യമായിരുന്നില്ല; എനിക്കതിനോട് താല്‍പര്യമുണ്ടായിരുന്നില്ല; ശ്രീകാന്ത് ഹരിഹരന്‍

പൊന്നിയന്‍ സെല്‍വനിലെ പാട്ടുകളിലൂടെ ശ്രദ്ധേയനാകുകയാണ് ഗായകന്‍ ശ്രീകാന്ത് ഹരിഹരന്‍. പാട്ടുകാരനാകണമെന്നത് ഒരിക്കലും മനസ്സിലുണ്ടായിരുന്ന കാര്യമായിരുന്നില്ലെന്ന് പറയുകയാണ് ശ്രീകാന്ത്.

ശ്രീകാന്തിന്റെ വാക്കുകള്‍

പാട്ടുകാരനാകണമെന്നത് ഒരിക്കലും മനസ്സിലുണ്ടായിരുന്ന കാര്യമായിരുന്നില്ല. എനിക്കതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. അമ്മയും ചേച്ചിയും സംഗീതജ്ഞരാണ്. അച്ഛനാണെങ്കില്‍ അവരുടെ ഏറ്റവും മികച്ച ആസ്വാദകനും വിമര്‍ശകനും അങ്ങേയറ്റം പ്രോത്സാഹനം നല്‍കുന്നയാളും.

അങ്ങനെയൊരു അന്തരീക്ഷത്തിലായിരുന്നെങ്കിലും ഞാന്‍ പാട്ട് പഠിക്കാന്‍ തുടങ്ങിയതൊക്കെ കുറേ വൈകിയാണ്. സംഗീതം പോലെ ക്രിയാത്മകമായതെന്തും നമ്മള്‍ മനസ്സറിഞ്ഞു ചെയ്താലല്ലേ മനോഹരമാകുള്ളൂ എന്നതിനാലാകും അവരാരും നിര്‍ബന്ധിച്ചുമില്ല.

അഞ്ചാം ക്ലാസു വരെ ഞാന്‍ ചെന്നൈയിലാണ് പഠിച്ചത്. നാട്ടില്‍ എത്തിയപ്പോഴാണ് സംഗീതം പഠിക്കണമെന്ന ചിന്ത വരുന്നത്. ആദ്യം പഠിച്ചത് വയലിനായിരുന്നു. ഈശ്വര വര്‍മ, ആവണീശ്വരം ബിനു, വൈക്കം പത്മ കൃഷ്ണ എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍.

ഹിന്ദുസ്ഥാനി പഠിച്ചക്കാന്‍ പോയത് അബ്രദിത ബാനര്‍ജിക്ക് കീഴിലായിരുന്നു. പിന്നീട് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീതത്തോട് വളരെ ഗൗരവമായ താല്‍പര്യമുണ്ടാകുന്നത്. അപ്പോഴും അതൊരു കരിയര്‍ ആയി മാറും എന്നു കരുതിയില്ല.

തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ടിലാണ് പഠിച്ചത്. എന്‍ട്രന്‍സൊക്കെ പാസായി കിട്ടിയ കോഴ്‌സ് ആണെങ്കിലും എനിക്കത് ഭാരമേറിയ ഒന്നായിരുന്നു.

എനിക്ക് ചേരാത്തൊരു വഴിയിലൂടെ വളരെ കഷ്ടപ്പെട്ട് പോകുന്ന പോലെ തോന്നി. അങ്ങനെയാണ് സംഗീതത്തോട് കൂടുതല്‍ അടുക്കുന്നതെന്നു പറയാം. ആ തിരിച്ചറിവാണ് വഴിത്തിരിവായത്.

അമ്മ അരുന്ധതിയും ചേച്ചി ചാരുവുമാണ് പാട്ടിനോടുള്ള എന്റെ കാഴ്ചപ്പാട് മാറ്റിയെടുത്തത്. അമ്മയ്ക്ക് വലിയൊരു ശിഷ്യസമ്പത്തുണ്ട്. ചിട്ടയായി പഠിക്കേണ്ടതിന്റെ പ്രാധാന്യം അമ്മയില്‍ നിന്നാണ് കിട്ടിയത്. ചേച്ചി തന്റെതായ ഇടം കണ്ടെത്തുന്നയാളാണ്.

ചേച്ചി ജര്‍മ്മനിയില്‍ എത്‌നോ മ്യുസിക് ഫെസ്റ്റിവലിന് പോയി വന്നപ്പോള്‍ പരിചയപ്പെടുത്തിയ ഒരു സംഗീത ശാഖയുണ്ട്. ആ ജോണര്‍ ഞങ്ങള്‍ വീട്ടിലെല്ലാവര്‍ക്കും വലിയ ഇഷ്ടമായി. ചേച്ചിയില്‍ നിന്നാണ് സംഗീതത്തില്‍ വേര്‍തിരിവുകളില്ലാത്ത കേള്‍വിക്കാരനാകണം എന്ന ചിന്ത വന്നത്.

അച്ഛന്‍ ഹരിഹരനും ചെറുപ്പത്തില്‍ പാടുകയും വാദ്യോപകരണങ്ങള്‍ വായിക്കുകയും ചെയ്യുമായിരുന്നു. അച്ഛന് സംഗീതത്തോടും പാടുന്നവരോടുമൊക്കെയുള്ള പാഷന്‍ എനിക്കൊരുപാട് ഇഷ്ടമാണ്.

വരികളോട് ഭയങ്കര ക്രേസ് ആണ് അച്ഛന്. വരികളുടെ അർഥമറിഞ്ഞ് പാടാനും ഭാഷ പഠിക്കാനുമൊക്കെ പ്രചോദനം അച്ഛനാണ്. ചില പാട്ടുകളുടെ വരികളെ കുറിച്ച് ഗഹനമായി സംസാരിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്.

ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു ഞാന്‍. അതിന്റെ ഫിനാലെയില്‍ റഹ്‌മാന്‍ സര്‍ അതിഥിയായി വന്നിരുന്നു. ഫൈനലിലെത്തിയവരില്‍ ഒരാള്‍ക്ക് സാറിന്റെ പാട്ടുകളിലൊന്ന് പാടാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞിട്ട് എന്റെ പേര് അനൗണ്‍സ് ചെയ്തു.

ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമായിരുന്നു. കുറേ നാള്‍ കഴിഞ്ഞ് 2019 ജനുവരിയില്‍ സാറിന്റെ ഓഫിസില്‍ നിന്ന് റെക്കോഡിങിന് ചെല്ലാന്‍ ഒരു കോള്‍ വന്നു. പക്ഷേ അന്നേരം ഞാന്‍ നാട്ടില്‍ തിരുവനന്തപുരത്തായിരുന്നു.

Also Read :   മുൻ ദേശീയ അത്‌ലറ്റ് ഇനി ജിം ട്രെയ്നർ; മാറ്റ് കുറയാതെ സ്വർണ്ണവല്ലിയുടെ ജീവിതം

എന്റെ അവസരം പോയി എന്നു കരുതി ഇരിക്കുമ്പോഴാണ് വീണ്ടും തൊട്ടടുത്ത മാസം വീണ്ടും കോള്‍ വരുന്നത്. അന്നും നാട്ടിലായിരുന്നെങ്കിലും രാത്രി ചെന്നൈ ചെല്ലാനായി. അങ്ങനെയാണ് 99 എന്ന സിനിമയില്‍ സോഫിയ എന്ന മനോഹരമായ ഗാനം പാടുന്നത്. അതിന്റെ തമിഴ് വേര്‍ഷനാണ് ഞാന്‍ പാടിയത്.

കുഞ്ഞിലേ കാണണം എന്നാഗ്രഹിച്ച അതിനു സാധിക്കുമോ എന്ന് ചിന്തിച്ച ഒരുപാട് ഇഷ്ടമുള്ള പാട്ടുകളുടെ സ്രഷ്ടാവിനെ കാണാനാകുന്നതിന്റെ ത്രില്ലിനപ്പുറം സത്യത്തില്‍ പേടിയായിരുന്നു. പക്ഷേ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സാറൊരു സൂപ്പര്‍ കൂള്‍ ബോസ് ആണ്.

അന്ന് സര്‍ നേരിട്ടാണ് പാട്ട് റെക്കോഡ് ചെയ്യാന്‍ വന്നത്. അതൊരു അമൂല്യ നിമിഷമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. നമ്മളെ അങ്ങേയറ്റം കംഫര്‍ട്ടബിള്‍ ആക്കിയിട്ടേ സര്‍ റെക്കോഡിങ്ങിലേക്ക് പോകാറുള്ളൂ.

അത് അദ്ദേഹത്തോടൊപ്പം റെക്കോഡിങ്ങിനിരുന്നിട്ടുള്ള എല്ലാ ഗായകരും പറയുന്നതാണ്. സാറിനൊപ്പം രണ്ട് സ്റ്റേജ് ഷോകളിലും പങ്കെടുക്കാനായി. അപ്പോൾ സര്‍ റിഹേഴ്‌സലിനൊക്കെ എപ്പോഴും കൂടെക്കാണും.

പാട്ടുകളെല്ലാം പുനരവതരണമാകുന്നതിന്റെ രസവും ആ മാറ്റത്തിന്റെ ഭംഗിയുമെല്ലാം അന്ന് നേരിട്ടറിയാനായി. കോറസിലുണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും ഒറ്റയടിക്ക് അദ്ദേഹത്തിനു മനസ്സിലാകും.

അതെല്ലാം മറക്കാനാകാത്ത കാര്യമാണ്. ബിഗില്‍, കോബ്ര, പൊന്നിയന്‍ സെല്‍വനിലെ ദേവാറലന്‍ ആട്ടം മലയാളം വേര്‍ഷന്‍ എന്നിവ പാടാനായി. അതുപോലെ പൊന്നിയന്‍ സെല്‍വനിലും മലയന്‍കുഞ്ഞിലും ലിറിക്കല്‍ സൂപ്പര്‍വൈസറാകാനുമായി.