ഒറ്റപ്പാലം നഗരസഭ മുൻ വൈസ് ചെയർമാനും സിപിഐ എം നേതാവുമായിരുന്ന പി കെ പ്രദീപ്കുമാർ അവസാന നാളിൽ ഭാര്യക്കും മക്കൾക്കുമെഴുതിയ കത്തിലെ വരികൾ പങ്കുവെച്ചു മന്ത്രി വീണ ജോർജ്.
പാർടിയെ അതിരറ്റ് സ്നേഹിച്ച പ്രദീപ്കുമാർ അന്തരിച്ചിട്ട് 20 ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മക്കൾ പങ്കുവെച്ച കത്താണ് സോഷ്യൽ മീഡിയയിൽ വെെറലായത്.
കത്തിലെ വരികൾ ഇങ്ങനെ –
ഒറ്റപ്പാലത്തെ സഖാവ് പ്രദീപ് തന്റെ അവസാന നാളുകളിൽ
മക്കൾക്ക് എഴുതിയ കത്ത്.
“അച്ഛൻ മരിച്ചാൽ ഈ കൊടി പുതപ്പിച്ചു കിടത്തണം. പാർട്ടി ഓഫീസിൽ നിന്നും ആരെങ്കിലും പതാകയായി വന്നാൽ അതിന് പ്രാധാന്യം കൊടുക്കണം.
ചിതയിലേക്ക് വക്കുമ്പോൾ പതാക കത്താതെ മടക്കി നിങ്ങൾ സൂക്ഷിച്ചുവക്കണം. നിങ്ങൾക്കൊരു പ്രതിസന്ധി വരുമ്പോൾ അതിൽ മുഖമമർത്തി ഏറെ നേരം നിൽക്കുക. അതിൽ അച്ഛനുണ്ട്. ലോകജനതയുടെ പ്രതീക്ഷകളുണ്ട്. അവ നിങ്ങളെ കാക്കും.
പാർട്ടിയോട് ഒരു വിയോജിപ്പും ഉണ്ടാവരുത്. അഥവാ ഉണ്ടായാൽ മറ്റിടങ്ങളിലേക്ക് ചേക്കേറരുത്. നിശബ്ദമായിരിക്കുക. ഒരിക്കൽ നമ്മുടെ പാർട്ടി അതിജീവിക്കും…”
പാർട്ടിയെ നെഞ്ചോടു ചേർത്ത പ്രിയ സഖാവിന് അഭിവാദ്യങ്ങൾ എന്നാണ് മന്ത്രി വീണ ജോർജ് എഴുതിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക