വീണ്ടുമൊരു ഫുട്ബോൾ ലോകകപ്പ് വന്നെത്തുകയാണ് . ഖത്തറിലെ കളിക്കളങ്ങളിൽ നവംബർ 20 മുതൽ പന്തുരുളാൻ തുടങ്ങുമ്പോൾ ആരവം നിറയുന്നത് ലോകമെങ്ങുമാണ്.
ലോകകപ്പ് ഫുട്ബോളിന്റെ കൊടിക്കൂറ ഉയരുമ്പോൾ ഏറെ ഫുട്ബോൾ പ്രേമികളും കളിക്കാരുമുള്ള തൃത്താലയും അതിൽ പങ്കു ചേരുകയാണ്. സോക്കർ കാർണിവൽ ഇത്തവണ തൃത്താലയിൽ ആണ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
മന്ത്രിയുടെ വാക്കുകൾ
” കഴിഞ്ഞ ലോകകപ്പ് സമയത്ത് പാലക്കാട് പാർലമെന്റംഗം ആയിരിക്കെയാണ് സോക്കർ കാർണിവൽ എന്ന ആശയം ഉയർന്നു വരുന്നത്. പെരുമഴയത്ത് പോലും കളിയാവേശം ചോർന്ന് പോവാതെ അതി ഗംഭീരമായാണ് പാലക്കാട് വിക്ടോറിയ കോളേജിൽ കാർണിവൽ സംഘടിപ്പിച്ചത്.
പ്രിയ കഥാകാരൻ എൻ എസ് മാധവൻ, സി.കെ വിനീത് തുടങ്ങിയവരെല്ലാം പങ്കെടുത്ത് മൂന്ന് ദിനരാത്രങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. പാലക്കാട് സംഘടിപ്പിച്ച സോക്കർകാർണിവൽ നൽകിയ ആവേശവും ആത്മ വിശ്വാസവുമാണ് രണ്ടാം പതിപ്പ് തൃത്താലയിൽ സംഘടിപ്പിക്കാൻ ധൈര്യം പകരുന്നത്.
ഇത്തവണ നവം 7 മുതൽ 20 വരെ തൃത്താല നിയോജക മണ്ഡലത്തിലാകെ വിവിധയിടങ്ങളിലായാണ് സോക്കർ കാർണിവൽ സംഘടിപ്പിക്കുന്നത്.സോക്കർ സിനിമകളുടെ പ്രദർശനം, സെമിനാറുകൾ, സോക്കർ നാടകം, വീഡിയോ ഇൻസ്റ്റലേഷൻ, ഷൂട്ട് ഔട്ടുകൾ, തുടങ്ങി വിവിധ പരിപാടികൾ കാർണിവലിൽ ഉണ്ടാകും.
സോക്കർ കാർണിവൽ വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു കഴിഞ്ഞു. സോക്കർ കാർണിവലിന്റെ ലോഗോ ഇന്ന് പ്രകാശനം ചെയ്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കേരള പോലീസ് ടീം ക്യാപ്റ്റൻ വി ജി ശ്രീരാഗ് അമ്പാടിക്കു നൽകിയായിരുന്നു ലോഗോയുടെ പ്രകാശനം . തൃത്താലക്കാരൻ തന്നെയായ വിനീതാണ് ലോഗോ രൂപകൽപ്പന ചെയ്തത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക