കണ്ണൂർ: നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ഭക്തമനസ്സുകൾക്ക് സായൂജ്യമേകി പഴയങ്ങാടി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രഥംവലി നടന്നു. ക്ഷേത്രത്തിൽ നടന്നുവരുന്ന രഥോത്സവത്തിന്റെ അഞ്ചാം ദിനത്തിലാണ് രഥോത്സവം നടന്നത്. മൂന്നു ദിവസത്തെ വ്രതവിശുദ്ധിയുടെ നിറവിൽ സ്ത്രീകളും പുരുഷൻമാരും രഥംവലിയിൽ പങ്കാളികളായി.
ക്ഷേത്രത്തിനു ചുറ്റും നാല് തവണ രഥം വലംവച്ചു. രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവയ്ക്കു ശേഷം ദർശനത്തിന് അതിപ്രധാനമായ ഉത്സവ ബലി നടന്നു. വൈകുന്നേരം ദീപാരാധന, രഥ പൂജ, അഷ്ടപദി എന്നിവയ്ക്ക് ശേഷമാണു രഥോത്സവം നടന്നത്. രഥംവലിക്കുശേഷം കനകവർഷവുമുണ്ടായി.
ഡിസംബർ ആറിന് രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ. വൈകുന്നേരം അഞ്ചു മണിക്ക് കേളി. 6.30 ന് ദീപാരാധന, പല്ലക്ക് പൂജ, പല്ലക്കെഴുന്നള്ളിപ്പ്. തുടർന്ന് ശ്രീഭൂതബലിയും പള്ളിവേട്ടയും നടക്കും.
ഡിസംബർ ഏഴിന് രാവിലെ പള്ളിയുണർത്തൽ, അഭിഷേകം, ഗണപതി ഹോമം, ഉഷ പൂജ. രാവിലെ 9 മണിക്ക് ആറാട്ടുബലി, ആറാട്ടെഴുന്നെള്ളിപ്പ്, ക്ഷേത്ര കുളത്തിൽ ആറാട്ട്, തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കൽ. 25 കലശപൂജ, കലശാഭിഷേകം, ഉച്ചപൂജയും തുടർന്ന് ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക