ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വർദ്ധിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വർധിക്കുന്നതിനാൽ ഈ ആവശ്യം വീണ്ടും വർധിച്ചു. ഇലക്ട്രിക് വാഹനങ്ങൾ മലിനീകരണമുക്തം മാത്രമല്ല, ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് പ്രവർത്തിപ്പിക്കാനുള്ള ചെലവും വളരെ കുറവാണ്.
വാഹന വായ്പയിൽ നിങ്ങൾ ഒരു ഇലക്ട്രിക് വാഹനം വാങ്ങിയിട്ടുണ്ടെങ്കിൽ ആദായനികുതിയുടെ സെക്ഷൻ 80EEB പ്രകാരം നിങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആദായനികുതി വകുപ്പ് അടുത്തിടെ ചട്ടങ്ങളിൽ മാറ്റം വരുത്തുകയും ഈ വകുപ്പ് ചേർക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ വാഹന വായ്പയിൽ വാങ്ങുന്നവർക്ക് ഈ സൗകര്യം ലഭ്യമായിരുന്നില്ല.
ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് സെക്ഷൻ 80EEB പ്രകാരം വാഹന വായ്പ പലിശയിൽ പ്രതിവർഷം 1.5 ലക്ഷം രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം. 4 വീലറും ഇരുചക്ര വാഹനവും വാങ്ങുമ്പോൾ ഈ നികുതി ഇളവ് അവകാശപ്പെടാം. ഈ ഇളവ് പലിശയിൽ മാത്രമേ ലഭ്യമാകൂ. പ്രധാന തുകയ്ക്ക് ഈ കിഴിവ് ബാധകമല്ല.
ആദ്യമായി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമേ 80EEB പ്രകാരമുള്ള ആദായ നികുതി ഇളവ് ക്ലെയിം ചെയ്യാൻ കഴിയൂ. വ്യക്തിഗത ഉപയോഗത്തിനായി EV വാങ്ങുമ്പോൾ മാത്രമേ ഈ കിഴിവ് ലഭ്യമാകൂ. കമ്പനിയുടെ പേരിൽ വാഹനം വാങ്ങുന്നയാൾക്ക് നികുതി ഇളവ് ലഭിക്കില്ല.
ഇതുകൂടാതെ രജിസ്റ്റർ ചെയ്ത ബാങ്കിൽ നിന്നോ NBFCയിൽ നിന്നോ (നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനി) വാഹന വായ്പയ്ക്ക് അപേക്ഷിച്ച വ്യക്തിഗത ഉപഭോക്താക്കൾക്ക് മാത്രമേ നികുതി ഇളവ് ലഭ്യമാകൂ. ഇതിന് പുറമെ ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്കും സർക്കാർ കുറച്ചു. ജിഎസ്ടി നിരക്ക് നേരത്തെ 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക