ഹുബെയ്: പ്രണയത്തിൽ എപ്പോഴെങ്കിലും പറ്റിക്കപ്പെട്ടിട്ടുണ്ടോ? പിന്നീട് അവരോട് പ്രതികാരം ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ ചൈനീസ് യുവതിയെ മാതൃകയായെടുക്കാം. തന്നെ പ്രണയിച്ച് പറ്റിച്ചു പോയ എല്ലാ കാമുകന്മാരെയും കല്യാണത്തിന് ക്ഷണിച്ച യുവതിയുടെ വാർത്ത ഇപ്പോൾ മാധ്യമങ്ങളിൽ വൈറലാണ്.
എത്ര വലിയ നഷ്ടമാണ് അവർക്ക് സംഭവിച്ചതെന്ന് കാമുകൻമാരെ ബോധ്യപ്പെടുത്താനാണ് വിവാഹ വേളയിൽ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് യുവതി പറയുന്നു. ജനുവരി എട്ടിന് ചൈനയിലെ ഹുബെയ് പ്രവിശ്യയിലായിരുന്നു വിവാഹം. ഇവരെ വിവാഹത്തിന് ക്ഷണിക്കുക മാത്രമല്ല ചെയ്തത് അവരെയെല്ലാം ഒരു മേശയ്ക്ക് ചുറ്റും ഒരുമിച്ച് ഇരുത്തി, മേശയ്ക്ക് ‘ടേബിൾ ഓഫ് എക്സ് ബോയ്ഫ്രണ്ട്സ്’ എന്ന് പേരും ഇട്ടു. വിവാഹ റിസപ്ഷന്റെ ഈ വീഡിയോ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വീഡിയോ വൈറലായതോടെ തന്റെ മുൻ കാമുകൻമാരെയെല്ലാം വിവാഹത്തിന് ക്ഷണിക്കാൻ യുവതി കാണിച്ച ധൈര്യത്തെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. യുവതിയുടെ ക്ഷണം സ്വീകരിച്ച് വിവാഹത്തിന് വരാൻ സന്നദ്ധത പ്രകടിപ്പിച്ച മുൻ കാമുകൻമാരെ മറ്റൊരു വിഭാഗം പിന്തുണയ്ക്കുന്നുണ്ട്. യാതൊരു പ്രകോപനവും കാണിക്കാതെ മാന്യമായി വിവാഹാഘോഷത്തിൽ പങ്കെടുത്ത യുവാക്കൾ അഭിനന്ദനം അർഹിക്കുന്നുവെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക