LATEST NEWS

കാലൻ കോഴി കൂവിയാൽ മരണം സംഭവിക്കുമോ? ഈ വിശ്വാസത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്

രാത്രി കാലങ്ങളിൽ കൂ -ഹു -ഹ്വ- ഹു-വാ എന്ന് ഉച്ചത്തിലുള്ള ഒരു ശബ്ദം ചിലപ്പോൾ
നിങ്ങളെ ഞെട്ടിച്ചേക്കാം.കാലന്റെ സന്ദേശവാഹകനായ കാലൻകോഴിയുടെ വിളിയാണിതെന്ന് നാട്ടിൻ പുറങ്ങളിൽ പറയാറുണ്ട്. മരണാസന്നനായ ഏതോ ഒരാത്മാവിനെ പൂവ്വാ പൂവ്വാ എന്ന് വിളിക്കുകയാണെന്നും പുലരുന്നത് ഒരു മരണവാർത്തയുമായി ആയിരിക്കുമെന്നും പണ്ടുള്ളവർ വിശ്വസിച്ചിരുന്നു.

നാട്ടിൻപുറ സംസ്കാര ഭാഷാഭേദങ്ങളനുസരിച്ച് ഈ കഥയിൽ മാറ്റങ്ങളുണ്ടാകാമെങ്കിലും വില്ലനു മാറ്റമൊന്നുമുണ്ടാകില്ല. കാലൻകോഴി, കുത്തിച്ചൂലാൻ, നെടിലാൻ, തച്ചൻകോഴി എന്നൊക്കെ അറിയപ്പെടുന്ന ഒരിനം മൂങ്ങയാണ് ഈ ശബ്ദത്തിന് കാരണം.

മൂങ്ങകളുടെ വർഗ്ഗത്തില്പെടുന്ന ഒരു പക്ഷിയാണ് കാലൻ‍കോഴി. വളരെ ഉച്ചത്തിൽ, പലപ്പോഴും ഒന്നോ രണ്ടോ കിലോമീറ്റർ ദൂരത്തേക്ക് കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിൽ ഈ പക്ഷി ശബ്ദമുണ്ടാക്കും. ഒരു പക്ഷിയുടെ വിളിക്ക് ദൂരെനിന്നു മറ്റൊരു (ഇണ) പക്ഷി മറുവിളി കൊടുക്കുന്നതും കേൾക്കാം. ” ഹുഊഊഉആആആ” എന്നു വളരെ മുഴക്കത്തോടെ ഈ പക്ഷികൾ നീട്ടിവിളിക്കും.

മൂങ്ങവർഗ്ഗക്കരുടെ ശബ്ദം മനുഷ്യർക്ക് അരോചകമാണ്. ഇക്കൂട്ടത്തിൽ വളരെ ഭയപ്പെടുത്തുന്നതാണ് കാലൻകോഴിയുടേത്. പലരും മരണത്തോടാണ് ഇവയെ സങ്കല്പിക്കുന്നത്. മരണത്തിന്റെ ദേവനായ കാലൻ വരുന്നതിന്റെ മുന്നറിയിപ്പായി ഈ ശബ്ദത്തെ കരുതുന്നതിനാൽ മൂങ്ങക്ക് കാലൻകോഴി എന്ന പേരു വന്നു.

രാത്രിയിൽ ഏകാന്തതയിൽ ഈ പക്ഷിയുടെ ശബ്ദം കേൾക്കുന്നത് ഭയജനകമാണ്‌. വീട്ടുവളപ്പുകളിലെ മരങ്ങളിൽ വന്നിരുന്നു ഇവ കരഞ്ഞാൽ ആ വീട്ടിൽ ഒരു മരണം ഉടനെ നടക്കുമെന്നായിരുന്നു പഴയകാലത്തെ വിശ്വാസം. എന്നാൽ ഏതെങ്കിലും വീടിനു മുകളിൽ വന്നിരുന്ന് കരഞ്ഞാൽ ആ വീട്ടിൽ സർവ സൗഭാഗ്യങ്ങളും വന്നു ചേരും എന്നൊരു വിശ്വാസവും ഉണ്ട്

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത് ഇണ ചേരാനും പ്രണയിനിയെ ആകർഷിക്കാനുമുള്ള ടിയാന്റെ വികാരഭരിതമായ പ്രേമഗീതമാണ് മരണ ഗീതമായി നമ്മൾ തെറ്റിധരിച്ചത് . മഞ്ഞുകാലവും , കാറ്റും , പൊടിയും ചേർന്ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അധികരിക്കുമെന്നതിനും , പ്രായമായവരിൽ മരണത്തിനു വരെ കാരണമായേക്കാമെന്നല്ലാതെ പാവപ്പെട്ട കാലൻ കോഴിക്ക് നാട്ടിലെ മരണങ്ങളിൽ യാതൊരു പങ്കുമില്ല. “നെടിലാൻ കൂവിയാൽ മരണം ഉറപ്പെന്നും നത്ത് ഇക്കരെ മൂളിയാൽ അക്കരെ മരണമെന്നുമൊക്കെയാണ് ” ഈ പാവം മൂങ്ങയെ ആധാരമാക്കി കേരളത്തിൽ പ്രചാരത്തിലുള്ള പഴഞ്ചൊല്ലുകൾ.

നാട്ടിൻ പുറത്ത് പാടങ്ങളുടെ അതിരുകളിലെ മരങ്ങളിലും, കുന്നിൻ ചരിവിലെ മരങ്ങളിലുമൊക്കെയാണ് താമസമെങ്കിലും ഈ മൂങ്ങയെ വിശദമായി കാണാൻ കഴിഞ്ഞിട്ടുള്ളവർ വിരളമായിരിക്കും. ഇനി കണ്ട ഒന്നോ രണ്ടോ പേരോ, അതിനെക്കുറിച്ച് അതിശയോക്തി കലർന്ന കഥകൾ പടച്ചു വിടാൻ മാത്രം വിചിത്രമായൊരു രൂപമാണ് അതിനുള്ളത്. പേരിൽ മാത്രമേ കോഴിയുള്ളൂ, രൂപത്തിലും സ്വഭാവത്തിലും നല്ലൊരസ്സൽ മൂങ്ങ തന്നെയാണ് നമ്മുടെ നായകൻ.

നായകനേക്കാൾ വലുതായിരിക്കും നായിക. 48 സെന്റീമീറ്ററോളം വലുപ്പും, ഉരുണ്ടതല, ചുറ്റും ഓറഞ്ചും തവിട്ടും കലർന്ന പുള്ളികളും ഇരുണ്ട ബ്രൗൺ വരകളും. വലിയ ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ, ചുറ്റും കടുത്ത ഓറഞ്ച് അല്ലെങ്കിൽ ഇരുണ്ട ചുകപ്പ് നിറം. ഇരുണ്ട ചാരനിറത്തിലുള്ള കൊക്ക്, വെള്ള താടി, വെളുത്ത നെഞ്ചും വയറും നിറയെ കുറുകെ കുറിയ കറുപ്പ് വരകൾ. ചിറകിലും ഓറഞ്ചും തവിട്ടും പുള്ളികൾ . മുഷിഞ്ഞ മഞ്ഞക്കാലുകളും കറുത്ത നഖങ്ങളും. ആകെ മൊത്തം രാത്രി കണ്ടു പോയാൽ ഞെട്ടിപ്പോകുന്ന രൂപവും പലപ്പോഴും ഉറവിടമറിയാതെ പേടിപ്പിക്കാവുന്ന ശബ്ദവും കൂടിയാകുമ്പോൾ അസാമാന്യ പരിവേഷങ്ങൾ ഈ പക്ഷിക്ക് ചാർത്തിക്കൊടുക്കാൻ മറ്റെന്തു വേണം?

തീർത്തും രാത്രിഞ്ചരരായ ഈ മൂങ്ങകൾ പകൽ സമയത്ത് വലിയ മരങ്ങളുടെ ഇലച്ചാർത്തിനകത്ത് മറ്റാരുടെയും കണ്ണിൽ പെടാതെ ഒളിച്ചിരിക്കുന്നു. നേരത്തെ പറഞ്ഞ പ്രണയഗീതകങ്ങൾ രാവിലെയും രാത്രിയും കേൾക്കാം. അത് ഓരോ പക്ഷിയുടെയും അധികാര പരിധി വിളിച്ചറിയിക്കൽ കൂടെയാണ്.

പകൽ സമയത്ത് കാക്കകളും കാക്കത്തമ്പുരാട്ടികളും മറ്റും ഇവയുടെ ഒളിയിടത്തു ചെന്ന് ശല്യം ചെയ്യുക പതിവാണ്. രാത്രികളുടെ രാജാക്കന്മാരാണെങ്കിലും പകൽ സമയത്ത് ഇത്തരം ശല്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി രക്ഷപ്പെടാനാണ് ഇവ പരിശ്രമിക്കുക. ആണും പെണ്ണുമായോ, അല്ലെങ്കിൽ കുഞ്ഞുങ്ങളുമായിച്ചേർന്നോ ആണ് പകൽ സമയത്ത് ഈ മൂങ്ങകൾ ഒളിച്ചിരിക്കുക പതിവ്.

Leave a Comment