ശിവ നിർവാണ രചനയും സംവിധാനവും നിർവ്വഹിച്ച് വിജയ് ദേവരകൊണ്ട നായകനാവുന്ന ഖുഷി എന്ന ചിത്രത്തിൻറെ ലൊക്കേഷനുകളിലൊന്ന് ആലപ്പുഴയാണ്. സാമന്തയാണ് ചിത്രത്തിലെ നായിക.
ജയറാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടക്ക് ജഗദീഷ് അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശിവ നിർവാണ.
ഒരു ബോട്ടിൽ കായൽ സവാരി നടത്തുന്ന തൻറെ വീഡിയോ വിജയ് ദേവരകൊണ്ട ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ലൊക്കേഷനിൽ നിന്നുള്ള സാമന്തയുടെ ചിത്രങ്ങൾ ട്വിറ്ററിൽ ആരാധകർ പ്രചരിപ്പിക്കുന്നുണ്ട്. കശ്മീർ ആയിരുന്നു ഈ സിനിമയുടെ ആദ്യ ലൊക്കേഷൻ.
തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനി, വൈ രവി ശങ്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം റൊമാൻറിക് കോമഡി വിഭാഗത്തിൽ പെടുന്ന ഒന്നാണ്. സച്ചിൻ ഖേഡേക്കർ, മുരളി ശർമ്മ, വെണ്ണെല കിഷോർ, ലക്ഷ്മി, രോഹിണി, അലി, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ പ്രദീപ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളി ജി ആണ് ഛായാഗ്രഹണം. പ്രവീൺ പുഡി എഡിറ്റിംഗ്.
സംഗീതം ഹിഷാം അബ്ദുൾ വഹാബ്. പാൻ ഇന്ത്യൻ റിലീസ് ആയി സെപ്റ്റംബർ 1 ന് ചിത്രം തിയറ്ററുകളിൽ എത്തും. വേഫെയറർ ആയിരിക്കും ചിത്രത്തിൻറെ കേരളത്തിലെ വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക