അമിതാഭ് ബച്ചനെപ്പോലുള്ള നടന്മാർക്ക് വേണ്ടി തിരക്കഥയെഴുതുമ്പോഴും കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോഴും നടിമാർ അവഗണിക്കപ്പെടുകയാണെന്ന് നടിയും രാഷ്ട്രീയ നേതാവുമായ ഹേമമാലിനി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹേമമാലിനിയുടെ തുറന്നുപറച്ചിൽ.
വലിയ വേഷങ്ങൾ ബച്ചനുവേണ്ടി പ്രത്യേകം എഴുതി തയ്യാറാക്കിയിട്ടുണ്ട്. ബച്ചനെ മനസ്സിൽ വെച്ചാണ് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്.
എന്നാൽ ഒരു നടിക്കും വേണ്ടി ആരും ഇത്തരം വേഷങ്ങൾ എഴുതി തയ്യാറാക്കാറില്ല. തനിക്ക് വേണ്ടി ഇത്തരം കഥാപാത്രങ്ങൾ സൃഷ്ടിക്കാൻ ആരെങ്കിലും തയ്യാറായാൽ തനിക്ക് നല്ല ആത്മവിശ്വാസമുണ്ടാകുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും ഹേമമാലിനി പറഞ്ഞു.
എവിടെയാണ് അവസരങ്ങൾ എന്ന് ചോദിച്ചുകൊണ്ടാണ് അവർ ഈ വേർതിരിവിനെക്കുറിച്ച് തുറന്നുപറഞ്ഞത്. നടിമാർക്കായി എഴുത്തുകാരന്റെ പിന്തുണയുളള ശക്തമായ ക്യാരക്ടറുകൾ സൃഷ്ടിക്കുന്നില്ല. അത്തരം ക്യാരക്ടറുകൾ നടൻമാർക്ക് വേണ്ടി സംവരണം ചെയ്തിരിക്കുകയാണ്.
ഒരു നടിയെന്ന നിലയിൽ ഏറ്റവും മികച്ച പ്രൊജക്ടുകളാണ് താൻ ആഗ്രഹിക്കുന്നത്. അഭിനയം അവസാനിപ്പിച്ചുവെന്ന് താൻ പറഞ്ഞിട്ടില്ല, കാരണം അത് തന്റെ പാഷൻ ആണെന്നും ഹേമമാലിനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക