‘ദ കേരള സ്റ്റോറി’ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. മധ്യപ്രദേശ് സർക്കാരും നേരത്തെ ചിത്രത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആതിത്യനാഥാണ് ചിത്രത്തിന് നികുതിയിളവ് നല്കുമെന്ന് പ്രഖ്യാപനം നടത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇത് കൂടാതെ ലോക്ഭവനിൽ യോഗിക്കും മറ്റു മന്ത്രിമാർക്കുമായി ‘കേരള സ്റ്റോറി’യുടെ പ്രത്യേക ഷോ ഒരുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. നേരത്തെ, യു.പി ബി.ജെ.പി സെക്രട്ടറി രാഘവേന്ദ്ര മിശ്രയുടെ നേതൃത്വത്തിൽ ലഖ്നൗവിൽ പ്രദർശനം നടന്നിരുന്നു.
അതേസമയം സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച തീരുമാനത്തെ യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സ്വാഗതം ചെയ്തു. ഉത്തർപ്രദേശിലെ ജനങ്ങൾ സിനിമ കണ്ട് നമ്മുടെ സഹോദരിമാരുടെ യാതനയെക്കുറിച്ച് മനസിലാക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനർജി ‘കേരള സ്റ്റോറി’ക്ക് ബംഗാളിൽ നിരോധനമേർപ്പെടുത്തിയത്. നിരോധനം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശവും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക