വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തങ്കലാൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണത്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ചെന്നൈയിൽ എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇ.വി.സി ഫിലിം സിറ്റിയിലാണ് ചിത്രീകരണം എന്നാണ് പുറത്തു വരുന്ന വിവരം. പത്തുദിവസം മധുരയിലും ചിത്രീകരണം ഉണ്ടാകും.
അതേസമയം വാരിയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് വിക്രം ഇപ്പോൾ വിശ്രമത്തിലാണ്. വിക്രം എത്തിയാൽ മാത്രമേ ചിത്രീകരണം ആരംഭിക്കാൻ കഴിയൂ. കോലാർ ഗോൾഡ് ഫിൽഡായിരുന്നു തങ്കലാന്റെ പ്രധാന ലൊക്കേഷൻ. വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ വിക്രം അഭിനയിക്കുന്നത്. വിക്രമിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആരെയും ഞെട്ടിക്കുന്ന ആകാംക്ഷയോടെ മുൾമുനയിൽ നിറുത്തുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തം.
പാർവതി തിരുവോത്തും, മാളവിക മോഹനനുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാന താരം. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജി .വി പ്രകാശ്കുമാർ സംഗീതസംവിധാനവും കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ. കെ ചിത്രസംയോജനവും നിർവഹിക്കുന്നു. എസ്. എസ് മൂർത്തി ആണ് കലാസംവിധായകൻ. കെ.ജി.എഫ്, വിക്രം എന്നീ ചിത്രങ്ങൾക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപ് അറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി. പി.ആർ.ഒ ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക