ബെംഗളൂരു: വിമാനയാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരന് അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയർ വിമാനത്തിലാണ് സംഭവം. 56-കാരനായ പ്രവീണ്‍ കുമാറാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച് അറസ്റ്റിലായത്.
രാജസ്ഥാനിലെ മർവാർ സ്വദേശിയാണ് പ്രവീൺ കുമാര്‍. അഹമ്മദാബാദില്‍ നിന്നാണ് വിമാനത്തില്‍ കയറിയത്. പ്രവീണ്‍ കുമാര്‍ വിമാനത്തിലെ ടോയ്ലറ്റിൽ പുകവലിച്ചെന്ന് വിമാന ജീവനക്കാര്‍ കണ്ടെത്തി. തുടർന്ന് എയർലൈൻസിന്റെ ഡ്യൂട്ടി മാനേജർ നല്കിയ പരാതിയെ തുടര്‍ന്നാണ് വിമാനം ബെംഗളൂരുവിലെത്തിയപ്പോള്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.
ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെ വിമാന യാത്രയാണെന്നും വിമാനത്തില്‍ ബീഡി വലിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു. “ഞാൻ സ്ഥിരമായി ട്രെയിനിലാണ് യാത്ര ചെയ്യാറുള്ളത്. ട്രെയിനിലെ ടോയ്ലറ്റിനുള്ളിൽ പുകവലിക്കാറുണ്ട്. വിമാനത്തിലും അത് ചെയ്യാമെന്ന് കരുതി. അതുകൊണ്ടാണ് ബീഡി വലിച്ചത്”- യാത്രക്കാരന് പൊലീസിനോട് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക