കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ മകള്‍ പരകാല വാങ്മയി വിവാഹിതയായതായി റിപ്പോർട്ട്. ഗുജറാത്ത് സ്വദേശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനുമായ പ്രതിക് ദോഷിയാണ് പരകാല വാങ്മയിയുടെ വരൻ.
ബുധനാഴ്ച ബെംഗളൂരു ജയനഗറിലുള്ള ഒരു ഹോട്ടലില്‍ വെച്ച് ലളിതമായ രീതിയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ബ്രാഹ്മണാചാര പ്രകാരമാണ് വിവാഹം നടത്തിയത്. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ വിഐപികളോ വലിയ രാഷ്ട്രീയ നേതാക്കളോ ആരും തന്നെ ഉണ്ടായിരുന്നില്ല. ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് ദോഷി. 2014ലാണ് ഇദ്ദേഹം പിഎംഒ ഓഫീസിലെത്തിയത്. 2019 ജൂണില്‍ നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോള്‍ ജോയിന്റ് സെക്രട്ടറി റാങ്കില്‍ പിഎംഒയില്‍ ഒഎസ്ഡി ആയി ഇദ്ദേഹം നിയമിതനായി.
സിംഗപൂര്‍ മാനേജ്മെന്റ് സ്കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയയാളാണ് ദോഷി. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ സിഎംഒ ഓഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ഇദ്ദേഹം ജോലി ചെയ്തിരുന്നു.
മിന്റ് ലോഞ്ചിലെ ലേഖികയാണ് നിര്‍മലാ സീതാരാമന്റെ മകള്‍ വാങ്മയി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയ വാങ്മയി മെഡില്‍ സ്കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക