പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ദന്തക്ഷയം. പല്ലുകളുടെ ശുചിത്വത്തിലും പരിചരണത്തിലും നമ്മൾ കാട്ടുന്ന അശ്രദ്ധയും മാറുന്ന ജീവിതശൈലിയുമാണ് ദന്തക്ഷയത്തിനു പ്രധാനകാരണം. പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പലതരം ബാക്ടീരിയകളുമായി പ്രതിപ്രവർത്തിക്കുമ്പോള്‍ വായ്ക്കുള്ളിലെ അമ്ലത (അസിഡിക് ലെവൽ) വർധിക്കുന്നു. ഇവയാണ് ദന്തക്ഷയം ഉണ്ടാക്കുന്നത്.
പല്ലിന്റെ ആരോഗ്യം മോശമാകുന്നത് പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അതുകൊണ്ട് മറ്റേതൊരു അവയവത്തിന്റെ ആരോഗ്യത്തിലും കാണിക്കുന്ന ശ്രദ്ധ പല്ലിന്റെ കാര്യത്തിലും വേണം. പലപ്പോഴും നിസാരമെന്ന് കരുതുന്ന കാര്യങ്ങൾ പല്ലിനെ പ്രതികൂലമായി ബാധിക്കാറുണ്ട്.
പല്ലിന്റെ സ്വാഭാവികമായ നിറം നഷ്ടപ്പെടുകയോ, പല്ലില്‍ കറ പറ്റുകയോ ചെയ്യുന്നത് തീര്‍ച്ചയായും നമ്മുടെ ആത്മവിശ്വാസത്തെ വലിയ രീതിയില്‍ തന്നെ ബാധിക്കാറുണ്ട്. എന്നാല്‍ മിക്കപ്പോഴും നമ്മുടെ അശ്രദ്ധയുടെ തന്നെ ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിക്കുക. ഇതിനു കാരണങ്ങൾ നോക്കാം.
പല്ലിന്റെ ഇനാമല്‍ നശിക്കുന്നത് ചായ, കാപ്പി പോലുള്ള ചൂടോടെ നാം കഴിക്കുന്ന പാനീയങ്ങളാണ് അധികവും ഇനാമലിനെ ദോഷകരമായി ബാധിക്കുന്നത്. പതിവായി ഇങ്ങനെ അമിതമായ ചൂടേല്ക്കുമ്പോള് ക്രമേണ പല്ലിന്റെ ഇനാമല്‍ നശിക്കുന്നതിലേക്ക് എത്താം. പ്രത്യേകിച്ച് പല്ലിന് നേരത്തെ പ്രശ്നമുള്ളവരില്‍. പല്ലിന്റെ ഇനാമല്‍ നശിക്കുന്നതിന് അനുസരിച്ച് കാവിറ്റി (പോട്), പല്ല് പുളിപ്പ്, നിറംമാറ്റം എല്ലാം സംഭവിക്കാം.
വളരെയധികം തണുത്ത പാനീയങ്ങളും ക്രമേണ പല്ലിന് ദോഷകരമായി വരാം. ഇവ പല്ലിന്റെ ഇനാമല്‍ ചുരുങ്ങുന്നതിലേക്കാണ് നയിക്കുക. ക്രമേണ പല്ല് പൊട്ടുന്നതിനും, പല്ലില്‍ വിള്ളല്‍ വീഴുന്നതിനും, പൊളിഞ്ഞ് പോരുന്നതിനുമെല്ലാം ഇത് കാരണമാകും. പല്ല് പുളിപ്പുള്ളവരാണ് ഇക്കാര്യങ്ങളെല്ലാം കൂടുതലും ശ്രദ്ധിക്കേണ്ടത്.
ചൂടുള്ളതോ തണുത്തതോ ആയ പാനീയങ്ങള്‍ കഴിക്കുമ്പോള്‍ കഴിയുന്നതും സ്ട്രോ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് പല്ലിന് പോറലേല്‍ക്കുന്നത് കുറയ്ക്കും. ചായയോ കാപ്പിയോ അല്ലെങ്കില്‍ മധുരമുള്ള മറ്റ് പാനീയങ്ങളോ എല്ലാ കഴിച്ചുകഴിഞ്ഞാല്‍ വായ നല്ലതുപോലെ വെള്ളം കൊണ്ട് കഴുകുന്നതും ഇനാമല്‍ നശിക്കുന്നതും കറ പിടിക്കുന്നതുമെല്ലാം തടയും.
പല്ലുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. ഓരോ തവണ ഭക്ഷണം കഴിച്ചതിനു ശേഷവും സാധ്യമെങ്കിൽ പല്ലു തേക്കുക. കുറഞ്ഞ പക്ഷം ദിവസം രണ്ടുനേരമെങ്കിലും നിർബന്ധമായും പല്ലു തേക്കണം. പ ല്ലു തേക്കുന്നതിനൊപ്പം പല്ലുകൾക്കിടയിൽ കയറിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യേണ്ടത് ആവശ്യമാണ്.
അധികം പുളിയുള്ള ഭക്ഷണപദാർഥങ്ങളുടെയും പാനീയങ്ങളുടെയും ഉപയോഗം കുറയ്ക്കുക. അസിഡിക് ആയ ഭക്ഷണം കഴിച്ചയുടനെ ബ്രഷ് ചെയ്യുന്നതും ദന്തക്ഷയത്തിന് കാരണമാകും.ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പല്ലിനിടയിൽ കയറിയിരിക്കുന്നത് ദന്തക്ഷയത്തിന് പ്രധാന കാരണമാണ്. ഭക്ഷണാവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തെന്ന് ഉറപ്പു വരുത്തുക. ആറു മാസത്തിലൊരിക്കൽ ഡെന്റിസ്റ്റിനെ കാണാനും പല്ല് ക്ലീൻ ചെയ്യാനും മറക്കരുത്. ദന്തക്ഷയത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡെന്റിസ്റ്റിനെ കണ്ട് ചികിൽസ തേടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക