വ്യാജ വാട്സ്ആപ്പ് ആയ പിങ്ക് വാട്സ്ആപ്പ് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടുള്ള പുതിയ തട്ടിപ്പു രീതിക്കെതിരെ മുന്നറിയിപ്പുമായി മുംബൈ പോലീസ്. പലതരം തട്ടിപ്പുകളും നടക്കുന്നതിനിടയിലാണ് ആളുകളെ കുഴിയിൽ ചാടിക്കാനായി പുതിയ തട്ടിപ്പുമായി തട്ടിപ്പുകാർ ഇറങ്ങിയിരിക്കുന്നത് .
വാട്സാപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്. ഈ കെണിയിൽ ചാടുന്ന ആളുകൾ തട്ടിപ്പുകാർ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ഫോണിലെ ബാങ്കിംഗ് വിവരങ്ങൾ, കോൺടാക്ട് നമ്പറുകൾ, മീഡിയ ഫയലുകൾ എന്നിവയെല്ലാം ചോർത്താൻ തട്ടിപ്പുകാർക്ക് സാധിക്കുകയും ചെയ്യും.
അജ്ഞാത ഉറവിടങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്കൊപ്പം ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുംബൈ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് പ്ലേസ്റ്റോറും ആപ്പ് സ്റ്റോറും ഉപയോഗിക്കുകയും ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഒടിപി എന്നിവ ആരുമായും പങ്കുവെക്കാതിരിക്കുകയും ചെയ്യുക എന്നും മുംബൈ പോലീസ് നിർദ്ദേശം നൽകുന്നു. പിങ്ക് വാട്സ്ആപ്പ് ആരെങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഉടൻ നീക്കം ചെയ്യണമെന്നും പോലീസ് നിർദ്ദേശിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക