തൃത്താല: കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് രണ്ടംഗ സംഘം. തൃത്താല ഞാങ്ങാട്ടിരിയിലെ പെട്രോൾ പമ്പ് മാനേജർ തട്ടത്താഴത്ത് വീട്ടിൽ ആഷിഫ് 28, ജീവനക്കാരനായ തൃത്താല കണ്ണന്നൂർ സ്വദേശി കൃഷ്ണപ്രസാദ് എന്നിവർക്കാണ് തലയ്ക്ക് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി എട്ടരയോടെ ഞാങ്ങാട്ടിരിയിലെ സ്കൈ വേയ്സ് പമ്പിലാണ് സംഭവം.
ബൈക്കില്‍ പമ്പിലെത്തിയ ചെറുപ്പക്കാരാണ് അക്രമം അഴിച്ചുവിട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ജീവനക്കാരെ ആക്രമിച്ചശേഷം പമ്പിന് തീവെക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക