ടോവിനോയെയും ഭാവനയെയും കേന്ദ്രകഥാപാത്രങ്ങൾ ആക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നടികർ തിലകത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഡേവിഡ് പടിക്കൽ എന്ന സൂപ്പർതാരത്തിന്റെ കഥ പറയുന്ന ചിത്രം കൊച്ചിയിലെ കാക്കനാട് ഷെറാട്ടൺ ഹോട്ടലിൽ നടന്ന പൂജയോടെയാണ് ആരംഭിച്ചത്.
‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ചിത്രത്തിനുശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ തിലകം. ഗോഡ് സ്പീഡ് ആൻഡ് മൈത്രി മൂവി മേക്കേഴ്സ് ബാനറിൽ നവീൻ യേർനേനി, വൈ. രവിശങ്കർ, അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി ആദ്യ മലയാള ചിത്രം കൂടിയാണ് നടികർ തിലകം.
50 ഓളം അഭിനേതാക്കളെ അണിനിരത്തി 40 കോടിയോളം രൂപ മുതൽമുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി, ഹൈദരാബാദ് ,കാശ്മീർ, ദുബായ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. സൂപ്പർതാരമായ ഡേവിഡ് പടിക്കലിന്റെ അഭിനയ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങളും അത് തരണം ചെയ്യാനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നായിക കഥാപാത്രമായി ഭാവന എത്തുമ്പോൾ സൂപ്പർതാരമായ ഡേവിഡ് പടിക്കലിന്റെ വേഷം കൈകാര്യം ചെയ്യുന്നത് ടോവിനോ തോമസ് ആണ്.
ഇവരെ കൂടാതെ സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, രഞ്ജിത്ത്, ലാൽ, ബാലു വർഗീസ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, സഞ്ജു ശിവറാം, ജയരാജ് കോഴിക്കോട്, ഖാലിദ് റഹ്മാൻ, അഭിരാം, പൊതുവാൾ, വിപിൻ ചന്ദ്രൻ, അറിവ്, മനോഹരി ജോയ്, മാലാപാർവ്വതി, ദേവിക ഗോപാൽ, ബേബി ആരാധ്യ, അഖിൽ കണ്ണപ്പൻ, ജസീർ മുഹമ്മദ്, രജത് കുമാർ( ബിഗ് ബോസ് ഫെയിം) എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.സുവിൻ എസ് സോമശേഖരൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ആൽബിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക