മനുഷ്യന് സഹിക്കാവുന്നതിന്റെ ഏറ്റവും വലിയ വേദന സഹിച്ച് കഴിയുകയാണ് അപൂർവ്വം രോഗം ബാധിച്ച ഓസ്ട്രേലിയയിലെ ഒരു പത്തു വയസ്സുകാരി പെൺകുട്ടി. ബെല്ല മേസി എന്ന പെൺകുട്ടിയാണ് അപൂർവ്വ രോഗത്തിന്റെ പിടിയിൽ വേദന തിന്ന് കഴിയുന്നത്. വലതുകാൽ അനക്കുമ്പോഴോ കാലിൽ ആരെങ്കിലും വെറുതെ ഒന്ന് തൊട്ടാലോ സഹിക്കാൻ ആകുന്നതിലും അപ്പുറം വേദനയുള്ള ഈ അസുഖത്തിന് ‘കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോം’ എന്നാണ് പേര്.
ഓസ്ട്രേലിയൻ സ്വദേശിയായ ബെല്ല ഫിജിയിൽ കുടുംബവുമൊത്ത് അവധി ആഘോഷത്തിന് പോയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. വലതുകാലിൽ ഉണ്ടായ പുണ്ണിന് പിന്നാലെ അസഹനീയമായ വേദന അനുഭവപ്പെടുകയും തൊട്ടടുത്ത ആശുപത്രിയിലേക്ക് ബെല്ലയെ എത്തിക്കുകയും ആയിരുന്നു. അവിടെവച്ചാണ് കുട്ടിക്ക് സിആർപിഎസ് അഥവാ കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോം ആണെന്ന് സ്ഥിരീകരിച്ചത്.
നിലവിൽ കിടപ്പിലായ ബെല്ലക്ക് വേദന കാരണം നടക്കാനോ കാൽ അനക്കാനോ സാധിക്കുന്നില്ല. യാത്ര ചെയ്യണമെങ്കിൽ ഇപ്പോൾ വീൽചെയറിന്റെ സഹായം കൂടിയേ തീരൂ. അപൂർവമായി മാത്രം കാണപ്പെടുന്ന രോഗമായ സി ആർ പി എസിന് ചികിത്സ ഇല്ലാത്തതും വെല്ലുവിളിയാണ്. കാലിൽ ഒരു ടിഷ്യൂ പേപ്പർ തൊട്ടാൽ പോലും അസഹനീയമായ വേദനയാണ് ഈ കുട്ടി അനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക