നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ‘നവതി ആഘോഷിക്കുന്ന പ്രിയപ്പെട്ട എം ടി സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ’ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം 90-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രിയ കഥാകാരന് സിനിമ-സാംസ്കാരിക ലോകത്തു നിന്നും നിരവധി പേരാണ് ആശംസകളറിയിച്ച് രംഗത്തെത്തുന്നത്.
ആൾക്കൂട്ടത്തിൽ തനിയെ, ഉത്തരം, ഒരു വടക്കൻ വീര ഗാഥ, സുകൃതം എന്നിങ്ങന എം ടിയുടെ തിരക്കഥയിലൊരുങ്ങിയ നിരവധി ചിത്രങ്ങളിൽ ആണ് മമ്മൂട്ടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ എം ടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കിയ നെറ്റ്ഫ്ളിക്സ് ആന്തോളജിയിൽ ‘കടുഗണ്ണാവ ഒരു യാത്ര’യിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
എഴുത്തുകാരൻ എന്നതിലുപരി നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിലും എം ടി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1933 ജൂലൈ 15ന് പുന്നയൂർക്കുളത്തെ ടി നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായിട്ടാണ് എം ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ ജനിച്ചത്. അധ്യാപകനായും പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക