ഉപജീവനത്തിനായി തെരുവിൽ പച്ചക്കറി വിൽക്കുന്ന നാലാം ക്ലാസുകാരന് സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ സ്നേഹസമ്മാനം. ആലപ്പുഴ വെട്ടിയാർ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യനാണ് സുരേഷ് ഗോപിയുടെ സ്നേഹസമ്മാനം ലഭിച്ചത്. കളിച്ചു നടക്കേണ്ട ചെറിയ പ്രായത്തിൽ പച്ചക്കറി വിറ്റ് കുടുംബം പുലർത്തുന്ന കുഞ്ഞിന്റെ അധ്വാനത്തെക്കുറിച്ച് കേട്ടറിഞ്ഞ് സുരേഷ് ഗോപി സഹായഹസ്തവുമായി എത്തുകയായിരുന്നു.
ആദിത്യന്റെ അമ്മൂമ്മ മണി കഴിഞ്ഞ 20 വർഷക്കാലമായി തെരുവിൽ പച്ചക്കറി വില്പന നടത്തിവരികയാണ്. മാനസികമായി വെല്ലുവിളി നേരിടുന്നതിനാൽ അപ്പൂപ്പൻ ശശിധരൻ വീടിനു പുറത്തിറങ്ങാറില്ല. ആരോഗ്യസ്ഥിതി വഷളായതോടെ അമ്മൂമ്മയ്ക്കും പച്ചക്കറി വില്പന തുടരാൻ കഴിയാതെ വന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ആദിത്യന്റെ പിതാവിന്റെ വരുമാനം കൊണ്ട് മാത്രം തന്റെ കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാക്കില്ലെന്ന് തിരിച്ചറിഞ്ഞ ആദിത്യൻ പച്ചക്കറി വിൽക്കാനായി തെരുവിൽ ഇറങ്ങുകയായിരുന്നു.
ആദിത്യന്റെ കഠിനാധ്വാനത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിയാൻ ഇടയായ സുരേഷ് ഗോപി ചെന്നിത്തല ഗ്രാമപഞ്ചായത്ത് അംഗം ഗോപൻ ചെന്നിത്തല മുഖാന്തിരം കുടുംബവുമായി സംസാരിക്കുകയും പച്ചക്കറി വിൽക്കാൻ വീൽ എത്തിച്ചു നൽകുകയും ചെയ്തു. സ്നേഹസമ്മാനമായി സുരേഷ് ഗോപി നൽകിയ വീൽ നിറയെ പച്ചക്കറികളും ഉണ്ടായിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി സുരേഷ് ഗോപിയുടെ സമ്മാനം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചേർന്നാണ് ആദിത്യന് സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക