സിനിമാതാരം നൂറിൻ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹീം ആണ് നൂറിന്റെ വരൻ. സിനിമാരംഗത്തുള്ള നിരവധിപേർ വിവാഹത്തിൽ പങ്കെടുത്തു. 2022 ഡിസംബറിൽ ആയിരുന്നു പ്രണയത്തിൽ ആയിരുന്ന ഫഹീമിന്റെയും നൂറിന്റെയും വിവാഹ നിശ്ചയം നടന്നത്.
ഇരുവരും തമ്മിലുള്ള സ്നേഹബന്ധത്തെ കുറിച്ച് നൂറിന്റെ വാക്കുകൾ ഇങ്ങനെ;
“ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങൾ സുഹൃത്തുക്കളായി ആരംഭിച്ചു. അതിനുശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങൾ ആയി. ഈ യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞതാണ്. ഞങ്ങൾക്കൊരു ഫ്രണ്ട്സ് ഗ്യാങ് ഉണ്ട്. ഞാൻ നൂറിൻ, അഹാന, രജിഷ, നിമിഷ എന്നിവരൊക്കെ അടങ്ങിയ അങ്ങനെ ഒരു ഗ്യാങ് ആണ്. അതിൽനിന്ന് പതിയെ പതിയെ നമ്മൾ ഡിസൈഡ് ചെയ്തു. അത്രയേ ഉള്ളൂ. ഇത്രനാൾ മുന്നേ തുടങ്ങി എന്നൊന്നും പറയാനില്ല. ഫഹീം ആണ് ആദ്യം പ്രണയം പറഞ്ഞത്”.
2017ൽ ഒമർ ലുലു സംവിധാനം ചെയ്ത ‘ചങ്ക്സ്’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നൂറിൻ കൊല്ലം സ്വദേശിനിയാണ്. മികച്ച ഒരു നർത്തകി കൂടിയായ താരം ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലാണ് ആദ്യമായി നായികയായി എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. നൂറിന്റെ വരനായ ഫഹീം ജൂൺ, മാലിക്, ഗ്യാങ്സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഫഹീം ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക