സ്പീക്കർ എ.എൻ.ഷംസീറിനെതിരെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നും കുറ്റപ്പെടുത്തി 30നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ വിശ്വഹിന്ദു പരിഷത് തീരുമാനിച്ചു.
പാലക്കാട് നോർത്ത് ഉൾപ്പെടെ പലയിടത്തും ഇന്നലെ പരാതി നൽകി. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും. പൊറുക്കാൻ കഴിയാത്ത തെറ്റാണു സ്പീക്കർ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നു വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ പറഞ്ഞു.
എ.എൻ.ഷംസീർ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് ആണ് കമ്മിഷണർക്ക് പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക