ഒരുപാട് നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. തന്റെ അടുത്ത സിനിമയുടെ ചർച്ചയ്ക്കായി കുടുംബസമേതം നടൻ ശ്രീനിവാസനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. തന്റെ അച്ഛൻ സത്യൻ അന്തിക്കാട് തന്നോട് പറഞ്ഞ കാര്യം പങ്കുവെച്ചുകൊണ്ട് മകൻ അനൂപ് സത്യനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.
” എന്റെ അടുത്ത സിനിമയ്ക്കായി, ഞാൻ ശ്രീനിക്കൊപ്പം ഇരിക്കുന്നു” ഇതായിരുന്നു സത്യൻ അന്തിക്കാട് അനൂപിനോട് പറഞ്ഞ വാക്കുകൾ. അനൂപ് പങ്കുവെച്ച് ചിത്രങ്ങളിൽ ശ്രീനിവാസന്റെ ഭാര്യ വിമലയെയും സത്യൻ അന്തിക്കാടിന്റെ ഭാര്യ നിമ്മിയെയും കാണാം. സത്യൻ അന്തിക്കാടിന്റെ അന്തിക്കാട് വീട്ടിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
സത്യൻ അന്തിക്കാട് 2018ൽ സംവിധാനം ചെയ്ത ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് എത്തിയത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മകൾ’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ടു. നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മലയാളികളും ഏറെ പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക