തനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി ഇരിക്കുകയാണ് പ്രിയ താരം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. നിരവധി പേരാണ് സുപ്രിയക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്.
തന്റെ അച്ഛൻ മരിച്ചതിനുശേഷം ഉള്ള ജന്മദിനങ്ങൾ ആഘോഷിക്കുന്നത് വേദനാജനകമാണെന്നും ജനത്തിരക്കിനിടയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് പകച്ചുനിൽക്കുന്ന കുഞ്ഞിനെ പോലെയാണ് താനെന്നും കുറിപ്പിൽ സുപ്രിയ പറയുന്നു. പൃഥ്വിരാജ് സുഖം പ്രാപിച്ച് വരികയാണെന്നും സുപ്രിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.
പിറന്നാളാശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് സുപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
എന്റെ പിറന്നാളിന് ആശംസ അർപ്പിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ സ്നേഹം നിറഞ്ഞ വാക്കുകൾ എനിക്ക് പ്രോത്സാഹനവും പ്രചോദനവുമാണ്. കുടുംബത്തോടൊപ്പം വലിയ ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോയ ഒരു പിറന്നാൾ ദിനമായിരുന്നു ഇത്. അച്ഛനില്ലാതെ ഒരു പിറന്നാൾ ആഘോഷിക്കുന്നത് എനിക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അച്ഛൻ കടന്നുപോയിട്ട് കഴിഞ്ഞ ഒന്നര വർഷം കഠിനമായിരുന്നു. അച്ഛൻ പോയതിനു ശേഷമുള്ള എന്റെ രണ്ടാമത്തെ ജന്മദിനമാണിത്. തിരക്കിനിടയിൽ മാതാപിതാക്കളുടെ കൈവിട്ടു പകച്ചുനിൽക്കുന്ന ഒരു കുഞ്ഞിനെപ്പോലെയാണ് എനിക്കിപ്പോൾ തോന്നുന്നത്.
എന്റെ ദുഃഖത്തെ ധൈര്യപ്പൂർവം നേരിടാനും വേദനയിലൂടെ പുഞ്ചിരിക്കാൻ പഠിക്കാനും കഴിയുന്ന ഒരു വർഷമാകും വരാനിരിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു. പൃഥ്വി സുഖം പ്രാപിച്ചുവരികയാണ്. പൂർണ ആരോഗ്യത്തിലേക്കുള്ള മടക്കയാത്രയിലാണിപ്പോൾ പൃഥ്വി. നിങ്ങളുടെ ഏവരുടെയും പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി.’’
പ്രതികരിക്കാൻ ഇവിടെ എഴുതുക