വാഹന അപകടത്തിൽ മൺമറഞ്ഞുപോയ പ്രിയ കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് വീടുവയ്ക്കാൻ സ്ഥലം സൗജന്യമായി നൽകി ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. ചങ്ങനാശ്ശേരിയിൽ ആണ് ബിഷപ്പ് സുധിക്കും കുടുംബത്തിനും 7 സെന്റ് സ്ഥലം സൗജന്യമായി രജിസ്ട്രേഷൻ ചെയ്തു നൽകിയത്. സുധിയുടെ മക്കളായ ഋതുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം ബിഷപ്പ് രജിസ്റ്റർ ചെയ്തു നൽകിയിരിക്കുന്നത്.
ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത്തെ മിഷനറി ബിഷപ്പ് ആയി സേവനം ചെയ്യുന്ന ബിഷപ്പ് നോബൽ ഫിലിപ്പ് നൽകിയ ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സ്ഥലത്ത് കേരള ഹോം ഡിസൈൻസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ സുധിക്ക് സൗജന്യമായി വീട് പണിത് നൽകും.
സ്ഥലം റജിസ്റ്റർ ചെയ്തു നൽകിക്കൊണ്ട് ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞത് ഇങ്ങനെ;
“എന്റെ കുടുംബസ്വത്തിൽ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നൽകിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിൽ ആണ്. രജിസ്ട്രേഷൻ പൂർണ്ണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നൽകിയത്. വീടുപണി ഉടൻ തുടങ്ങും ”
“സുധി ചേട്ടന്റെ സ്വപ്നമാണ് സഫലമാകുന്നത്. ഇതൊന്നും കാണാൻ അദ്ദേഹം ഇല്ല എന്നതാണ് വിഷമകരമായ കാര്യം. സുധി ചേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പും അദ്ദേഹം വീടുവയ്ക്കുന്ന കാര്യമാണ് പറഞ്ഞിരുന്നത് “; സുധിയുടെ ഭാര്യ രേണു പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക