പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി രംഗത്ത്. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം എന്നാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബ്ലോക്ക് കമ്മറ്റി അറിയിച്ചു.
സെപ്റ്റംബർ ഒന്ന് മുതൽ എട്ടു വരെയാണ് പെരുന്നാൾ. വൻ ജനത്തിരക്കുണ്ടാകുന്ന സമയത്തെ തെരഞ്ഞെടുപ്പ് വോട്ടിങ്ങിനെ ബാധിക്കും എന്നാണ് വിശദീകരണം. സെപ്റ്റംബർ ഒന്നിന് മുൻപോ എട്ടിന് ശേഷമോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മറ്റിയുടെ എതിർപ്പ് പാർട്ടി നേതൃത്വത്തെ അറിയിച്ചു.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ഇനിയുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുക.
അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചെങ്കിലും സിപിഐഎം സ്ഥാനാർത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സിപിഐഎം സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക