നടി ലക്ഷ്മി മേനോനുമായി വിവാഹിതനാവുന്നു എന്ന വാർത്തകൾക്കെതിരെ ആദ്യമായി പ്രതികരിച്ച് നടൻ വിശാൽ. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഒരു നടി എന്നതിലുപരി ഒരു പെൺകുട്ടിയുടെ പേര് ഈ പ്രചരണങ്ങളിൽ ഉൾപ്പെട്ടതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്ന് താരം പറഞ്ഞു.
”സാധാരണയായി തന്നെക്കുറിച്ചുള്ള വ്യാജ വാർത്തകളോടും കിംവദന്തികളോടും താൻ പ്രതികരിക്കാറില്ലെന്ന് വിശാൽ പറഞ്ഞു. അതിലൊന്നും ഒരുകാര്യവുമില്ല എന്നുതോന്നിയതിനാലാണത്. എന്നാൽ ഇപ്പോൾ ലക്ഷ്മി മേനോനുമായുള്ള തന്റെ വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കുന്നതിനാൽ ഇതെല്ലാം പൂർണ്ണമായും നിഷേധിക്കുന്നു. ഇതൊന്നും സത്യമല്ലെന്നും അടിസ്ഥാനരഹിതവുമാണ്. എന്റെ പ്രതികരണത്തിന് പിന്നിലെ കാരണം അതിൽ ഒരു നടി എന്നതിലുപരി ഒരു പെൺകുട്ടി ഉൾപ്പെടുന്നു എന്നത് മാത്രമാണ്. നിങ്ങൾ ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതം ആക്രമിക്കുകയും നശിപ്പിക്കുകയും അവളുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. വർഷം, തീയതി, സമയം, ഭാവിയിൽ ഞാൻ ആരെയാണ് വിവാഹം കഴിക്കുന്നത് എന്നിവ ഡീകോഡ് ചെയ്യാൻ ഇത് ഒരു ബർമുഡ ട്രയാംഗിളല്ല. സമയമാകുമ്പോൾ എന്റെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കും. ദൈവം അനുഗ്രഹിക്കട്ടെ”, വിശാൽ എഴുതി.
വിശാൽ ഏത് സിനിമയിൽ അഭിനയിച്ചാലും കൂടെ അഭിനയിക്കുന്ന നടിമാരുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വരാറുണ്ട്. വിശാൽ നായകനായ പാണ്ഡ്യനാട് എന്ന ചിത്രത്തിൽ നായികയായിരുന്നു ലക്ഷ്മി. മലയാള സിനിമകളിൽ ബാലതാരമായി എത്തി പിന്നീട് തമിഴിൽ നായികയായി മാറിയ താരമാണ് ലക്ഷ്മി മേനോൻ, കുംകി, സുന്ദരപാണ്ഡ്യൻ, മിരുതൻ, വേതാളം എന്നിവയാണ് പ്രധാന സിനിമകൾ. മലയാളത്തിൽ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും നായികയായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. നിലവിൽ ചന്ദ്രമുഖി 2 ആണ് ലക്ഷ്മി മേനോന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക