ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ശർക്കര വരട്ടി. മിക്കവാറും എല്ലാവരും ശർക്കര വരട്ടി കടയിൽ നിന്നും വാങ്ങുകയാണ് ചെയ്യാറ്. രുചികരമായി എളുപ്പത്തിൽ ശർക്കര വരട്ടി വീട്ടിൽ തന്നെ തയ്യാറാക്കി നോക്കിയാലോ.
ഇതിനായി ആദ്യം തന്നെ നേന്ത്രക്കായ എടുത്തതിനുശേഷം തൊലി കളഞ്ഞ് കറ പോകാനായി കഞ്ഞി വെള്ളത്തിൽ ഇട്ടു വയ്ക്കണം. 15 മിനിറ്റിനു ശേഷം ഇത് നല്ലതുപോലെ കഴുകി എടുക്കാം. ഇനി ഇത് കുറച്ച് കനത്തിൽ ഒരേ വലിപ്പത്തിൽ അരിഞ്ഞെടുക്കാം. കായ എടുത്തതിനനുസരിച്ച് ശർക്കര എടുക്കാം. നാല് പച്ചക്കായക്ക് മുക്കാൽ കപ്പ് ശർക്കര എന്ന തോതിലാണ് എടുക്കേണ്ടത്. ശർക്കര എടുത്ത് പൊടിച്ചതിനുശേഷം കുറച്ച് വെള്ളം ചേർത്ത് ശർക്കരപ്പാനി തയ്യാറാക്കാം. ഇത് അരിച്ച് മാറ്റിവയ്ക്കാം.
കായ എണ്ണയിൽ ഇട്ട് കുറഞ്ഞ തീയിൽ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്ത് ഒന്ന് വറുത്തെടുക്കാം. കായ നല്ലതുപോലെ പൊരിഞ്ഞു വന്നതിനുശേഷം കോരി മാറ്റാം. ശർക്കര പാനിയിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുത്ത് ഒന്നുകൂടി ചെറിയ രീതിയിൽ ഉരുക്കിയെടുക്കാം. നൂൽ പരുവം ആവുന്നത് വരെ ഇത് ഇളക്കി കൊടുത്തു കൊണ്ടിരിക്കാം.
തിളച്ചുകൊണ്ടിരിക്കുന്ന ശർക്കരയിലേക്ക് കുറച്ച് ഏലക്കാപ്പൊടിയും ചുക്കുപൊടിയും ചേർത്ത് ഇളക്കാം. നല്ലതുപോലെ തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് വറുത്ത് മാറ്റിവെച്ചിരിക്കുന്ന കായ കഷണങ്ങൾ കൂടി ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക