കൊച്ചി: പുരാവസ്തു തട്ടിപ്പ് കളളപ്പണക്കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഇന്ന് ചോദ്യംചെയ്യലിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.
മോൻസനുമായുളള സാമ്പത്തിക ഇടപെടലിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക. കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യമുള്ളതിനാൽ ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റണമെന്ന് സുധാകരൻ ആവശ്യപ്പെടുകയായിരുന്നു.
സുധാകരന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തൽ. പുരാവസ്തു തട്ടിപ്പ് കേസിൽ സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കൽ, യഥാർത്ഥ രേഖ എന്ന മട്ടിൽ വ്യാജരേഖ ഉപയോഗിക്കൽ എന്നീ കുറ്റങ്ങളും സുധാകരനെതിരെ ചുമത്തിയിരുന്നു. മോൻസന്റെ പക്കൽ നിന്ന് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയും കേസിൽ നിർണ്ണായകമാണ്.
അതേസമയം മുൻ ഡിഐജി എസ് സുരേന്ദ്രനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. 17-ന് ഉച്ചയോടെ ആയിരുന്നു എസ് സുരേന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക