ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്രയാൻ 3 ചന്ദ്രനെ തൊടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് രാജ്യം. ചാന്ദ്രയാൻ പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നാല് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യം 25 കിലോമീറ്റർ മുകളിൽനിന്ന് റഫ് ബ്രേക്കിംഗ് തുടങ്ങും. ആദ്യത്തെ ഘട്ടമാണ് ഏറ്റവും ദൈർഘ്യമേറിയ ഘട്ടം. 11.30 മിനിട്ട് ആണ് ആദ്യഘട്ടം പൂർത്തിയാക്കാൻ വേണ്ടത്. ഈ ഘട്ടം പൂർത്തിയാകുന്ന തോടുകൂടി പേടകം ചന്ദ്രന് 7.4 കിലോമീറ്റർ അടുത്തെത്തും.
10 സെക്കൻഡ് സമയം മാത്രം നീളുന്നതാണ് രണ്ടാംഘട്ടം. തിരശ്ചിനമായ നീങ്ങുന്ന ലാൻഡറിനെ ലംബമാക്കി മാറ്റും. പിന്നീട് വീണ്ടും ലാന്ററിന്റെ വേഗം കുറച്ച് ചന്ദ്രന് 6.8 കിലോമീറ്റർ അടുത്തെത്തും. ഫൈൻ ബ്രേക്കിംഗ് എന്ന 2.91 മിനിറ്റ് നീളുന്ന മൂന്നാം ഘട്ടമാണ് നാലുഘട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഈ ഘട്ടം കഴിയുന്നതോടെ പേടകം പൂർണമായും ചന്ദ്രനിൽ കാലൂന്നാൻ പാകത്തിന് ലംബമായി മാറും. ഇത് പൂർത്തിയാകുന്നതോടെ ലാൻഡർ ചന്ദ്രന് 1.3 കിലോമീറ്റർ അടുത്തെത്തും.
4.4 മിനിറ്റ് നീളുന്നതാണ് അവസാന ഘട്ടം. ഈ സമയത്ത് ലാൻഡർ ചന്ദ്രൻ 150 മീറ്റർ അടുത്തെത്തും. 22 സെക്കൻഡ് സമയം ലാൻഡർ അവിടെ നിശ്ചലമാകും. പേടകത്തിലുള്ള ക്യാമറകൾ ചിത്രങ്ങൾ പകർത്തും. സെൻസറുകൾ ഈ ചിത്രങ്ങൾ പരിശോധിച്ച ശേഷം ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക