ഈ ഓണത്തിന് നമുക്ക് വ്യത്യസ്തമായ ഒരു പായസം പരീക്ഷിച്ചാലോ. മത്തങ്ങ കൊണ്ടാണ് പായസം റെഡിയാക്കി എടുക്കുന്നത്. ഇതിനായി നല്ല പഴുത്ത മത്തങ്ങയാണ് വേണ്ടത്. മത്തങ്ങ കുറച്ച് വലിയ കഷ്ണങ്ങളായി മുറിച്ചുവെക്കാം. പായസം തയ്യാറാക്കുന്നതിന് കുറച്ച് ഉണക്കലരിയും ആവശ്യമുണ്ട്. തേങ്ങ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും റെഡിയാക്കി എടുക്കാം. മുറിച്ചെടുത്ത മത്തങ്ങ തേങ്ങയുടെ മൂന്നാം പാൽ ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കാം. ഉണക്കലരിയും വേവിച്ച് എടുക്കണം. മധുരത്തിന് ആവശ്യമായ ശർക്കര ഉരുക്കി റെഡിയാക്കി വെക്കാം.
ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പത്ത് വച്ച് ഇതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കാം. നെയ്യ് ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് തേങ്ങാക്കൊത്ത് ഇട്ട് വറുത്തെടുക്കണം. പിന്നീട് കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് മാറ്റിവെക്കാം. പിന്നീട് ഇതിലേക്ക് മത്തങ്ങ നല്ലതുപോലെ വേവിച്ച് ഉടച്ചത് ചേർത്തു കൊടുക്കണം. ആവശ്യമെങ്കിൽ കുറച്ച് നെയ്യ് കൂടി ഒഴിച്ചു കൊടുക്കാം. ഇത് നല്ലതുപോലെ ഒന്ന് മിക്സ് ആയി വരുമ്പോൾ ഉണക്കലരി നല്ലതുപോലെ വേവിച്ചെടുത്തത് ചേർത്തു കൊടുക്കണം. ഇത് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. പിന്നീട് ഇതിലേക്ക് നമ്മൾ ഒരുക്കി വച്ചിരിക്കുന്ന ശർക്കരപ്പാനി ചേർത്ത് കൊടുക്കാം.
ശർക്കരപ്പാനി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് വരട്ടി എടുക്കണം. നല്ലതുപോലെ വരണ്ടു വരുമ്പോൾ ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കണം. ഇതിലേക്ക് കുറച്ച് ഏലക്ക പൊടിയും അല്പം ഉപ്പും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കാം. ഒന്ന് കുറുകി വരുമ്പോൾ തീ കുറച്ചുവെച്ച് ഒന്നാം പാൽ ചേർത്തു കൊടുക്കാം. ഒന്ന് ചൂടായി വന്നതിനു ശേഷം തീ ഓഫ് ചെയ്യാം. വറുത്ത മാറ്റിവച്ചിരിക്കുന്ന തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് സെർവ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക